മഴുവന്നൂർ പഞ്ചായത്തിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ അക്രമം അഴിച്ചു വിട്ട പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം

കോലഞ്ചേരി: മഴുവന്നൂരിൽ പഞ്ചായത്ത് ആസൂത്രണ സമിതിയിൽ പഞ്ചായത്തിനു പുറത്തുള്ളവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നടന്ന ജനകീയ പ്രക്ഷോഭത്തിൽ ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ അക്രമം അഴിച്ചു വിട്ട പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറഞ്ഞു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ക്രൂരമായ പൊലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള സി.പി.എം മഴുവന്നൂർ ലോക്കൽ സെക്രട്ടറി കെ.എച്ച്. സുരേഷിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.എൻ. മോഹനൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിയ്ക്കൽ, ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.എസ്.അരുൺ കുമാർ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. ബുധനാഴ്ച മഴുവന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ആസൂത്രണ സമിതിയംഗമായ സാബു എം. ജേക്കബ് യോഗത്തിൽ പങ്കെടുക്കാനെത്തിയതിൽ പ്രതിഷേധിച്ചവരെയാണ് പൊലീസുകാർ വളഞ്ഞിട്ട് തല്ലിയത്. സുരേഷിന്റെ തലയ്ക്കും, മൂക്കിനും പരിക്കേറ്റതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തടിച്ചു കൂടിയതിന് 300 ലധികം പേർക്കെതിരെയും, എ.എസ്.ഐ ശിവദാസിനെ മർദ്ദിച്ച നാലു പേർക്കെതിരെയും, ലാത്തിചാർജുണ്ടായ സംഭവത്തിൽ ഒരു കേസുമുൾപ്പടെ മൂന്നു കേസുകൾ കുന്നത്തുനാട് പൊലീസ് രജിസ്റ്റർ ചെയ്തിതിട്ടുണ്ട്.

Back to top button
error: Content is protected !!