മൈലാടിമലയിലെ കൂറ്റന്‍ ശുദ്ധജല സംഭരണി തകര്‍ന്നു; പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ചു.

 

മൂവാറ്റുപുഴ: മൈലാടിമലയിലെ കൂറ്റന്‍ ശുദ്ധ ജലസംഭരണി തകര്‍ന്നു. പ്രദേശത്തെ കുടിവെള്ള വിതരണം നിലച്ചു. നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം നടത്തുന്ന നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന മൈലാടിമല കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയാണ് ഇന്നലെ പുലര്‍ച്ചെ വെള്ളം പമ്പ് ചെയ്യുന്നതിനിടെ തകര്‍ന്നത്. ഏഴ് വര്‍ഷം മുമ്പ് മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ടാങ്കാണ് തകര്‍ന്നത്. 10,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ നിന്നും നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ മയിലാടി മലയിലെ 100 ഓളം കുടുംബങ്ങള്‍ക്ക് ശുദ്ധജല വിതരണം നടത്തുന്ന പദ്ധതിയുടെ ടാങ്ക് തകര്‍ന്നതോടെ പ്രദേശത്ത് കുടിവെള്ള വിതരണവും നിലച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എല്‍ദോ എബ്രഹാം എം.എല്‍.എ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ന് താല്‍ക്കാലികമായി ടാങ്ക് സ്ഥാപിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ 10,000-ലിറ്റര്‍ ടാങ്ക് സ്ഥാപിക്കാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. എം.എല്‍.എയോടൊപ്പം കൗണ്‍സിലര്‍മാരായ ജിനു ആന്റണി, കെ.ബി.ബിനീഷ്‌കുമാര്‍, നേതാക്കളായ പി.എം.ഇബ്രാഹിം, കെ.എ.സനീര്‍, ജോസുകുട്ടി ഒഴുകയില്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സംമ്പന്ധിച്ചു.

Back to top button
error: Content is protected !!