മാറാടി സബ്‌സ്‌റ്റേഷനില്‍ നിന്നും മൂവാറ്റുപുഴ ടൗണിലേക്ക് വൈദ്യുതി വിതരണത്തിനുള്ള യു.ജി. കേബിള്‍ നിര്‍മ്മാണത്തിന് തുടക്കമായി.

മൂവാറ്റുപുഴ: നഗരത്തിലും സമീപ പ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന കെ.എസ്.ഇ.ബി. യുടെ യു.ജി. കേബിള്‍ പദ്ധതി (അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ പദ്ധതി) നിര്‍മ്മാണത്തിന് തുടക്കമായി. മാറാടി സബ്‌സ്റ്റേഷനില്‍ നിന്നും എം.സി. റോഡ് വഴി പി.ഒ. ജംഗ്ഷനിലേയ്ക്കും മാറാടി,ആരക്കുഴ മൂഴി വഴി പി.ഒ.ജംഗ്ഷനില്‍ എത്തിച്ചിരുന്ന രീതിയിലാണ് കേബിള്‍ വലിയ്ക്കുന്നത്. ഇതിനായി 4.90-കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒന്നര മീറ്റര്‍ ആഴയ്ത്തില്‍ കുഴിയെടുത്ത് 16-കിലോമീറ്റര്‍ കേബിളാണ് വലിയ്ക്കുന്നത്. മൂവാറ്റുപുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടുന്നത് പതിവായിരുന്നു. ഏതെങ്കിലും ഇലവന്‍ കെ.വി. ലൈനില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ സബ്‌സ്റ്റേഷനില്‍ ലൈന്‍ ഓഫ് ചെയ്യുന്നത് മൂലം ഒരു പ്രദേശത്താകെ വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു. ഇതോടൊപ്പം തന്നെ ചെറുതും വലുതുമായ കമ്പനികളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തിരുന്നു. വൈദ്യുതി മുടക്കത്തിനെതിരെ വ്യാപാരികളില്‍ നിന്ന് അടക്കം പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മൂവാറ്റുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലേയും വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് എല്‍ദോ എബ്രഹാം എം.എല്‍.എ. യുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് യു.ജി. കേബിള്‍ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചത്. യു.ജി കേബിള്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മൂവാറ്റുപുഴ നഗരത്തിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി ക്ഷാമത്തിനും മുടക്കത്തിനും പരിഹാരമാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ച ആരക്കുഴ – പണ്ടപ്പിള്ളി റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. യുടെ നേതൃത്വത്തില്‍ വിലയിരുത്തി.

ചിത്രം- മാറാടി സബ്‌സ്‌റ്റേഷനില്‍ നിന്നും മൂവാറ്റുപുഴ നഗരത്തിലേയ്ക്ക് വൈദ്യുതി വിതരണത്തിനുള്ള യു.ജി. കേബിള്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. യുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നു……

Back to top button
error: Content is protected !!