മാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

 

മൂവാറ്റുപുഴ: മാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ഓണ്‍ലൈനായി നിര്‍വ്വഹിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ. അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ സംബന്ധിക്കും. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നാലാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാണ് മാറാടി വില്ലേജ് ഓഫീസ്. 45-ലക്ഷം രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ വകുപ്പില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ നഗരസഭയിലെയും മാറാടി പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് മാറാടി വില്ലേജ് ഓഫീസ്. മൂവാറ്റുപുഴ പി.ഒ. ജംഗ്ഷനില്‍ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസ് ഏറ്റവും കൂടുതല്‍ പ്രളയ ദുരന്തം നേരിടുന്ന ഓഫീസ് ആണ്. പ്രളയത്തെ നേരിടുന്നതിനായി രണ്ട് നിലകളിലായി ഹൈടെക് വില്ലേജ് ഓഫീസാണ് നിര്‍മ്മിക്കുന്നത്. നിയോജക മണ്ഡലത്തില്‍ നാല് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് അനുവദിച്ചത്. ഇതില്‍ മുളവൂര്‍, വെള്ളൂര്‍കുന്നം, വില്ലേജ് ഓഫീസുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. പോത്താനിക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസും തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസാകുന്നതോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാവും ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. പുതിയ മന്ദിരത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി ‘ഫ്രണ്ട് ഓഫീസ്’ സംവിധാനവും, ടോക്കണ്‍ സംവിധാനം, നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡ്, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി, ഒരേസമയം ഏഴുപേര്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ പാകത്തിലുള്ള ഫ്രണ്ട് ഓഫീസ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, പൂന്തോട്ടം എന്നിവ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളെ ആകര്‍ഷകമാക്കും.

Back to top button
error: Content is protected !!