വഴിയോരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മാറാടി പഞ്ചായത്ത്……..എംസി റോഡിന്‍റെ ഇരുവശങ്ങളിലുമുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു.

 

മൂവാറ്റുപുഴ : മാറാടി പഞ്ചായത്തില്‍ വഴിയോരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുടെ ഭാഗമായി 10000 മുതല്‍ 50000 രൂപ വരെ പിഴ ഈടാക്കുമെന്നും മാലിന്യം നിക്ഷേപിക്കുന്ന വ്യക്തികളെ സംബന്ധിച്ച് തെളിവ് നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി. ബേബി അറിയിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗമായി മാറാടി പഞ്ചായത്തില്‍ എംസി റോഡിന്‍റെ ഇരുവശങ്ങളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടിരുന്ന മാലിന്യങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. എംസി റോഡരുകില്‍ പഞ്ചായത്ത് അതിര്‍ത്തിയായ കബനി പാലസ് മുതല്‍ മീങ്കുന്നം വരെയും, കൂടാതെ മൂവാറ്റുപുഴ – പിറവം റോഡില്‍ ഹൗസിംഗ് ബോര്‍ഡ് മുതല്‍ പിറമാടം വിലങ്ങുപാറ വരെയുമാണ് ശുചീകരിച്ചത്. ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന യജ്ഞത്തില്‍ എല്ലാ ഭരണസമിതിയംഗങ്ങളുടെയും പിന്തുണയും പങ്കാളിത്തവുമുണ്ടായിരുന്നെന്ന് പ്രസിഡന്‍റ് അറിയിച്ചു. വലിച്ചെറിയപ്പെട്ടിരുന്ന മാലിന്യങ്ങളില്‍ നിന്നും ലഭിച്ച തെളിവുകള്‍വച്ച് മാറാടി നിവാസികളായ രണ്ടുപേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് പോലീസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി തുടര്‍ ദിവസങ്ങളില്‍ രാത്രികാല സ്ക്വാഡ് സജീവമായിരിക്കുന്നതോടൊപ്പം മാലിന്യ നിക്ഷേപത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് നടപടികള്‍ സ്വീകരിക്കും. കൂടാതെ മാലിന്യം തള്ളുന്ന പ്രദേശങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി വ്യവസായിമാരായ സജീവ് മാത്യു, ബാവാസ് കബീര്‍ ഖാന്‍ എന്നിവര്‍ സന്നദ്ധതി അറിയിച്ചിട്ടുണ്ട്. ശുചീകരണ യജ്ഞത്തില്‍ സ്ഥിരംസമിതി അധ്യക്ഷരായ പി.പി. ജോളി, ബിജു കുര്യാക്കോസ്, വാര്‍ഡംഗം ജിബി ഏബ്രഹാം, പഞ്ചായത്ത് മുന്‍ അംഗം സാജു കുന്നപ്പിള്ളി, സെക്രട്ടറി ബി. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ ………………
മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗമായി മാറാടി പഞ്ചായത്തില്‍ എംസി റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങള്‍ പ്രസിഡന്‍റ് ഒ.പി. ബേബിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നു.

Back to top button
error: Content is protected !!