മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് – മാർച്ച് പതിനഞ്ചിനകം പൂർത്തിയാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്.

 

മൂവാറ്റുപുഴ: മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് മാർച്ച് പതിനഞ്ചിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ ഉറപ്പ് നൽകി. എം.എൽ.എ. മാരായ എൽദോസ് കുന്നപ്പിള്ളി, വി.പി. സജിന്ദ്രൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. റോഡ് നിർമാണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിലായാണ് റോഡ് നിർമ്മാണം. രണ്ട് വർഷം പിന്നിട്ടിട്ടും റോഡ് നിർമ്മാണം പൂർത്തിയാക്കാത്തത് അനാസ്ഥയാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. കുറ്റപ്പെടുത്തി.11 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിന്റെ 3 കിലോമീറ്റർ ഭാഗം മാത്രമാണ് ഇതുവരെ പൂർത്തിയായത്. കലുങ്കുകളുടെയും കാനകളുടെയും നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. 11 കലുങ്കുകളാണ് പദ്ധതിയിൽ ഉള്ളത്. 3 എണ്ണം കൂടി പൂർത്തിയാകുവാനുണ്ട്. കാനകളുടെ നിർമ്മാണവും ഇതോടൊപ്പം നടക്കുകയാണ്.
ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 96 അവലോകന യോഗങ്ങൾ നേരിട്ടും ഫോൺ വഴിയും നടത്തിയിട്ടും റോഡ് നിർമ്മാണം ഇഴയുന്നതിന് ന്യായീകരണമില്ലെന്നും അനാസ്ഥ വെടിഞ്ഞു വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കണമെന്നും ആവശ്യപ്പെട്ടു. 2.5 കിലോമീറ്റർ ദൂരത്തിൽ റോഡ് ഇളക്കി ഉറപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായി. ഇവിടെ ജി.എസ്.ബി. മിക്സ് ഇട്ട് റോഡ് ബലപ്പെടുത്തുന്ന പ്രവൃത്തി വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഡി.ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാർ ചെയ്യേണ്ട ഭാഗത്തിന്റെ ലെവൽസ് എടുത്തു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജി.എസ്.ബി. മിക്സ് ഉപയോഗിച്ചു റോഡ് ബലപ്പെടുത്തിയതിന് ശേഷം ടാറിംഗ് ആരംഭിക്കും.

ഫോട്ടോ : ജി.എസ്.ബി. മിക്സ് ഉപയോഗിച്ചു ബലപ്പെടുത്തിന്നതിന് മുന്നോടിയായി റോഡ് പ്രതലം ഇളക്കുന്നു.

Back to top button
error: Content is protected !!