മഞ്ഞള്ളൂര്‍ റൂറല്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അന്വേഷണത്തില്‍ കണ്ടെത്തിയത് കോടികളുടെ തട്ടിപ്പ്

മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ റൂറല്‍ സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പ് നടത്തിയത് 3 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണെന്ന് സഹകരണ വകുപ്പ്. അംഗങ്ങളുടെ പേരില്‍ വ്യാജരേഖ ചമച്ച് വന്‍ തട്ടിപ്പു നടന്നതായി രജിസ്ട്രാര്‍ക്ക് പരാതികള്‍ ലഭിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ തട്ടിപ്പിന് ബാങ്കിലെ ഓണററി സെക്രട്ടറി ഉള്‍പ്പെടെ കൂട്ടുനിന്നതായി കണ്ടെത്തി. എടുക്കാത്ത വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കിന്റെ നോട്ടീസ് ലഭിച്ചതോടെയാണ് ബാങ്കില്‍ കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയത്. മറ്റൊരു സഹകരണ ബാങ്കിലെ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പേരില്‍ 12 ലക്ഷം രൂപയാണ് ഇവരറിയാതെ വായ്പ എടുത്തിരിക്കുന്നത്. ബാങ്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 2 പേരുടെയും ഇതില്‍ ഒരാളുടെ വ്യാപാര പങ്കാളിയും ചേര്‍ന്നാണ് ബാങ്കില്‍ അംഗം അല്ലാത്തവരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങളുടെ വായ്പ എടുത്തിരിക്കുന്നത്. പ്രോപ്പര്‍ട്ടി ലോണാണ് എടുത്തിരിക്കുന്നതെങ്കിലും പ്രോപ്പര്‍ട്ടി ഈടായി നല്‍കാതെ ആണ് ബാങ്കിലെ ചില ജീവനക്കാരുടെ പേരില്‍ വായ്പ എടുത്തത്. കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്

ആയവന കാരിമറ്റം സ്വദേശിയുടെ പേരില്‍ എടുത്ത വായ്പയും പലിശയും അടക്കം 14 ലക്ഷം രൂപ തിരിച്ചടയ്ക്കാനുള്ള നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തു വന്നത്. ഇയാള്‍ വാഴക്കുളം പോലീസിന് പരാതി നല്‍കിയതോടെ വായ്പയും പലിശയും ബാങ്കില്‍ തിരിച്ചടച്ചിട്ടുണ്ട്. വായ്പ തിരിച്ചടച്ചതിന്റെ രേഖകള്‍ വാങ്ങിക്കൊണ്ടു പോകാന്‍ കാരിമറ്റം സ്വദേശിയെ ബാങ്കില്‍ നിന്നു വിളിച്ചു പറഞ്ഞെങ്കിലും ഇദ്ദേഹം രേഖകള്‍ കൈപ്പറ്റാന്‍ തയാറായിട്ടില്ല. പോലീസിനു നല്‍കിയിരിക്കുന്ന പരാതി പിന്‍വലിക്കണമെന്നാണ് ഇദ്ദേഹത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാല്‍ പരാതിയില്‍ ശാശ്വതമായ പരിഹാരം ഉണ്ടാകാതെ കേസ് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഇദ്ദേഹം. വായ്പയുടെ പേരില്‍ യുവ നേതാവിനെ കുടുക്കാനും ശ്രമം നടന്നതായി അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വായ്പയുടെ അപേക്ഷയില്‍ പേരുകളും മേല്‍വിലാസവുംമായ്ച്ച ശേഷം യുവ നേതാവിന്റെ മാതാപിതാക്കളുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നു. ഇത് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. എടുക്കാത്ത വായ്പയുടെ പേരില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തു വന്നതോടെ അന്വേഷണവും ഊര്‍ജിതമായിട്ടുണ്ട്.

 

Back to top button
error: Content is protected !!