മഞ്ഞള്ളൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാകും.

 

മൂവാറ്റുപുഴ:മഞ്ഞള്ളൂർ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമായ കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ഒരുങ്ങുന്നു. പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിന് ഇതര സംസ്ഥാനങ്ങളിലെ എം.പി.മാരുടെ സംഭാവനയായി ലഭിച്ച തുകയിൽ നിന്ന് 50 ലക്ഷം രൂപയും, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷവും ഉപയോഗിച്ച് വാഴക്കുളത്ത് ഒരു കോടി പത്തു ലക്ഷം രൂപ ചെലവിൽ പുതിയ മന്ദിര നിർമ്മാണം നടന്നു വരികയാണെന്ന് എൽദോ എബ്രഹാം അറിയിച്ചു.
പഞ്ചായത്തിന്റെ സ്വന്തം കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിലാണ് ആശുപത്രി ഇപ്പോൾ പ്രവർത്തിക്കുന്നത്.

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞള്ളൂർ പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതോടെ ഒ.പി. സമയം വൈകിട്ട് 6 വരെയാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ: ഒ ജയലക്ഷ്മി പറഞ്ഞു.
ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് എൻ.എച്ച്.എം ഫണ്ട് 1550000 രൂപയും പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 5 85000 രൂപയും ഉപയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഇതര അടിസ്ഥാന പ്രവൃത്തികളും നടക്കുകയാണ്.HLL നാണ് നിർമ്മാണ ചുമതല. ആധുനിക സൗകര്യമുള്ള ലാബ്’, ഫാർമസി, ഒ.പി സൗകര്യം, രോഗികൾക്കുള്ള വിശ്രമകേന്ദ്രം, ഡോക്ടർമാരുടെ മുറികൾ എന്നിവ താഴത്തെ നിലയിലും, ഒന്നാം നിലയിൽ കുട്ടികളുടെ കുത്തിവയ്പ്, ഫീൽഡ് സ്റ്റാഫ് റൂം, പാലിയേറ്റീവ് പരിചരണ വിഭാഗം, ഓഫീസ് മുറികൾ, കോൺഫറൻസ് ഹാൾ എന്നിവയും പ്രവർത്തിക്കാവുന്ന നിലയിലാണ് ക്രമീകരിക്കുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആശുപത്രിക്ക് 1 ഏക്കർ സ്ഥലമാണ് കൈവശമുള്ളത്.
രോഗീസുഹൃദ കേന്ദ്രമായി മഞ്ഞള്ളൂർ ആശുപത്രി മാറുമെന്ന് എൽദോ എബ്രഹാം എം.എൽ.എ.യും, പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ.ജോർജും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Back to top button
error: Content is protected !!