മണിമരുതുംചാല്‍ മേന്തണ്ട് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയില്‍

കോതമംഗലം: നേര്യമംഗലത്ത് മണിമരുതുംചാല്‍ മേന്തണ്ട് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയില്‍. വെള്ളിയാഴ്ച രാത്രിയാണ് സംരക്ഷണഭിത്തി തകര്‍ന്നത്. റോഡിന്റെ ഭാഗവും തകര്‍ന്നിട്ടുണ്ട്. ഇതുമൂലം മേഖലയിലൂടെ വാഹനഗതാഗതം സാധ്യമല്ലാതായിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ടുമൂലമാണ് സംരക്ഷണഭിത്തി തകര്‍ന്നുവീണതെന്ന് നാട്ടുകാര്‍ പറയുന്നു. പൈപ്പ് ലൈന്‍ സ്ഥാപിക്കാനെടുത്ത കുഴി മുഴുവനായി മൂടാതിരുന്നതും വെള്ളം ഇറങ്ങി റോഡ് ഇടിയാന്‍ കാരണമായി. ഇനിയും തകരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. റോഡിന്റെ താഴ്ഭാഗത്ത് ഏതാനും വീടുകളുണ്ട്. ഇനി കൂടുതല്‍ ഇടിഞ്ഞാല്‍ ഇത് വീടുകള്‍ക്ക് ഭീക്ഷണിയാകും. മണ്ണും കല്ലുമെല്ലാം വീടുകളിലേക്ക് കുത്തിയൊലിച്ചെത്താം. റോഡിന്റെ മറുവശത്ത് ജല അഥോറിറ്റിയുടെ കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നുണ്ട്.

റോഡ് കൂടുതല്‍ തകരുന്നത് വാട്ടര്‍ ടാങ്കിനേയും ബാധിച്ചേക്കാം. എത്രയുംവേഗം അറ്റകുറ്റപ്പണി നടത്തി അപകടസാഹചര്യം ഇല്ലാതാക്കണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കണമെന്നുമാണ് ആവശ്യം. ജല അഥോറിറ്റിയുടെ അനാസ്ഥയാണ് റോഡ് തകരാന്‍ കാരണമെന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു. പൈപ്പ് ലൈന്‍ സ്ഥാപിച്ചശേഷം കുഴി പൂര്‍ണമായി മൂടിയിരുന്നില്ല. പഞ്ചായത്തിലെ മറ്റ് പല റോഡുകളിലും ഇതേ പ്രശ്‌നമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: Content is protected !!