മംഗല്യക്കടവ് പാലം നിർമ്മാണത്തിന് 65 ലക്ഷം രൂപ അനുവദിച്ചു.

 

മൂവാറ്റുപുഴ: മംഗല്യക്കടവ് പാലം നിർമ്മാണത്തിന് എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ അനുവദിച്ചതായി
എൽദോ എബ്രഹാം എം.എൽ.എ. അറിയിച്ചു.
രണ്ട് പതിറ്റാണ്ടായി മുളവൂർ നിവാസികൾ നിരന്തര ആവശ്യമായിരുന്നു മംഗല്യക്കടവ് പാലം. കാവുംങ്കര- ഇരമല്ലൂർ റോഡും പുതുപ്പാടി – ഇരുമലപ്പടി റോഡും തമ്മിൽ യോജിക്കുന്നതിനാൽ ഇപ്പോൾ 4. കിലോമീറ്റർ യാത്ര ചെയ്യേണ്ടി വരുന്നത് 600 മീറ്റർ ദൂരമായി കുറയും. അപ്രോച്ച് റോഡിന് 6 മീറ്റർ വീതിയിൽ സ്ഥലം സ്വകാര്യ വ്യക്തികൾ ഇതിനകം നൽകിയിട്ടുണ്ട്. മുളവൂർ തോടിന് കുറുകെ 6 മീറ്റർ വീതിയിൽ പാലം പണിയും. വെസ്റ്റ് മുളവൂർ പള്ളിക്ക് സമീപത്തുനിന്നാണ് റോഡ് ആരംഭിക്കുന്നത്. മുളവൂർ കരയും പായിപ്ര കരയും തമ്മിൽ ബന്ധിക്കും എന്നത് പ്രധാന നേട്ടമാകും. പഞ്ചായത്ത് വിഭജനം നടപ്പായാൽ പുതുതായി രൂപീകരിക്കപ്പെടുന്ന മുളവൂർ പഞ്ചായത്തിന് ഇത് ഏറെ സഹായകരമാകും. സാധാരണക്കാരായ ആളുകൾക്ക് യാത്ര സുഗമമാകുകവഴി സാമ്പത്തികച്ചെലവും കുറയും.
പലപ്പോഴായി പഞ്ചായത്ത് ഭരണസമിതികളും, സംസ്ഥാന സർക്കാരുകളും മാറി മാറി വരുമ്പോൾ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയാണ് ഇപ്പോൾ സാക്ഷത്ക്കരിക്കപ്പെടുന്നത്. മണ്ണ് പരിശോധന നടന്നതിനെ തുടർന്ന് പാലത്തിന്റെ ഡിസൈനും, എസ്റ്റിമേറ്റും തയ്യാറാക്കി കഴിഞ്ഞു. മുളവൂരിലെ വികസനത്തിന് ആക്കം കൂട്ടുന്ന സുപ്രധാന പദ്ധതിയാണ് ഇതെന്ന് എം.എൽ.എ. പറഞ്ഞു.
സ്ഥലം സന്ദർശനത്തിൽ എം.എൽ.എയോട് ഒപ്പം പഞ്ചായത്തംഗം സീനത്ത് അസീസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. സിദ്ധിഖ്, മുൻ പഞ്ചായത്തംഗങ്ങളായ എം.വി. സുബാഷ്, ഒ.എം. സുബൈർ, സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി വി .എസ്. മുരളി, സി.പി.ഐ. ലോക്കൽ സെക്രട്ടറി പി.വി. ജോയി, സീന ബോസ്, ഹസ്സൻ താണേലി, വി.യു. രാജു, പി.എ. മൈതിൻ എന്നിവർ സംബന്ധിച്ചു.

Back to top button
error: Content is protected !!