കോലഞ്ചേരി

മനയ്ക്കക്കടവ്-നെല്ലാട് – പത്താം മൈൽ റോഡ് നിർമ്മാണം തുടങ്ങിയില്ലെങ്കിൽ കരാറുകാരനെതിരെ കർശന നടപടിയെടുക്കണം – ഹൈക്കോടതി.

 

കോലഞ്ചേരി:കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന മനയ്ക്കക്കടവ്- നെല്ലാട് – പട്ടിമറ്റം – പത്താംമൈൽ റോഡ് നിർമ്മാണം ഒക്ടോബർ 26 തിങ്കളാഴ്ചക്കകം പുനരാരംഭിച്ചില്ലെങ്കിൽ കരാറുകാരനെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. റോഡ് നിർമ്മാണ പുരോഗതി ഹൈക്കോടതി വിലയിരുത്തും. ഇതിനായി ഹർജി നവംബർ 10 ന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വി.പി. സജീന്ദ്രൻ എം.എൽ.എ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. റോഡപകടങ്ങൾ അടിക്കടി ഉണ്ടാകുന്നതും ജനങ്ങളുടെ യാത്ര ദുരിതത്തിനും പരിഹാരം ഉടൻ ഉണ്ടാവേണ്ടതുണ്ടെന്നും ജസ്റ്റിസ് പി.വി. ആശ നിരീക്ഷിച്ചു.കരാറുകാരൻ റോഡ് നിർമ്മാണമേറ്റെടുത്ത ശേഷം എങ്ങനെ ഒരു റോഡ് താറുമാറാക്കാമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് മനയ്ക്കക്കടവ്- നെല്ലാട് – പത്താം മൈൽ റോഡ് നിർമ്മാണം. റോഡ് നിർമ്മാണം 2 വർഷം മുൻപ് ഏറ്റെടുത്തെങ്കിലും പൂർത്തിയാക്കിയിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.റോഡ് നിർമ്മാണം പുനരാരംഭിക്കുന്നതിനായി ഒക്ടോബർ 21 ന് ചേർന്ന ടെക്നിക്കൽ കമ്മറ്റിയിൽ റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നൽകിയിട്ടുണ്ട്.പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കുന്നതിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നിർമ്മാണം ഇനിയും ആരംഭിക്കാത്ത പക്ഷം കരാർ റദ്ദാക്കി കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി കരാറുകാരന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സീനിയർ ഗവർമെൻ്റ് പ്ലീഡർ കെ.വി. മനോജ് കുമാർ കോടതിയെ അറിയിച്ചു.ഫണ്ടിങ്ങ് ഏജൻസിയായ കിഫ്ബിയോടും നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിനോടും അടിയന്തിര വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.മാസങ്ങളായി നിർമ്മാണ പ്രവർത്തികൾ നിർത്തിവെച്ചിരിക്കുന്നതിനാൽ ഈ റോഡുകളിലൂടെ ഗതാഗതം ദുസഹമാണെന്നും നിർമ്മാണം പൂർത്തീകരിക്കുവാൻ കരാറുകാരന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ 22 കിലോമീറ്ററോളമുള്ള റോഡ് നിർമ്മാണത്തിനായി കളമശേരിയിലെ ഡീൻസ് ഗ്രൂപ്പ് കരാർ ഏറ്റെടുത്തത്. 2018 ൽ ആരംഭിച്ച് ഒന്നര വർഷത്തിനകം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ നാളിതുവരെയായി റോഡ് നിർമ്മാണം പൂർത്തിയായിട്ടില്ലെന്നും ഇക്കാര്യത്തിൽ കിഫ്ബിയൊ പദ്ധതിയുടെ നിർവഹണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡോ നടപടി സ്വീകരച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.റോഡ് നിർമ്മാണത്തിനു വേണ്ടി ടാറിങ്ങ് പൊളിച്ചതു മൂലം റോഡപകടങ്ങൾ നിരന്തരം ഉണ്ടാവുന്നതായും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.റോഡിൻ്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്താൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ വി.പി. സജീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.ഹർജിയിൽ സർക്കാറിനും, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർ, ചീഫ് എഞ്ചിനീയർ, കിഫ്ബി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കരാറുകാരായ ഡീൻസ് ഗ്രൂപ്പ്, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർ എന്നിവരാണ് എതിർകക്ഷികൾ.

Back to top button
error: Content is protected !!
Close