ജോലി കഴിഞ്ഞ വീട്ടിലേക്ക് തിരിച്ച യുവാവിനെ ദിവസങ്ങളായി കാണാനില്ലെന്ന് പരാതി.

 

കോലഞ്ചേരി: ഒരാഴ്ച്ചയിലേറെയായി ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന് പരാതി. പുത്തൻകുരിശിനടുത്ത് കരിമുകൾ വടയമ്പത്ത് മലയിൽ വാടക വീട്ടിൽ താമസിച്ച് വരുന്ന വലിയ വീട്ടിൽ പറമ്പിൽ നിക്കോളാസ് ജോളി (ഉണ്ണി)(30) എന്ന യുവാവാണ് കാണാതായിരിക്കുന്നത്. തൃശൂരിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ടൈലിൻ്റെ പണി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഈ മാസം മൂന്നിന് വൈകിട്ട് ജോലി സ്ഥലമായ തൃശൂരിൽ നിന്ന് താൻ വീട്ടിലേക്ക് പോരുകയാണെന്ന് വീട്ടിലുള്ള അച്ഛനോടും അമ്മയോടും ഇദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ രാത്രി വളരെ വൈകിയിട്ടും മകൻ എത്താതെ വന്നതോടെയാണ് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചത്.തൃശൂർ ഈസ്റ്റ് പോലീസ് മുമ്പാകെയും ,പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ വാക്കാലും ഇവർ പരാതിപ്പെട്ടിരുന്നു. ദിവസങ്ങളായി തൃശൂർ ഈസ്റ്റ് ഫോർട്ട് പോലീസ് കേസ്സെടുത്ത് അന്വേഷിച്ച് വരുന്നു എന്ന് പറയുന്നുണ്ടെങ്കിലും നാളിതുവരെയായി പ്രതീക്ഷയ്ക്ക് പോലും ഒരു തുമ്പും കിട്ടിയിട്ടില്ല. ക്യാൻസർ ബാധിതനായ അച്ചൻ ജോളി ജോസഫിനും സുഖമില്ലാത്ത അമ്മ ട്രീസയ്ക്കും ഏക ആശ്രയമാണ് അവിവാഹിതനായ നിക്കോളാസ്.എന്ത് ചെയ്യണമെന്നറിയാൻ പാടില്ലാതെ, ആരെ സമീപിക്കുമെന്നറിയാൻ പാടില്ലാതെ ദിവസങ്ങളായി ഈ കുടുംബം മനസ്സികമായി തകർന്ന അവസ്ഥയിലാണ്.
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!