മലങ്കര അണക്കെട്ട്; ബാത്ത്മെട്രിക്കല്‍ സര്‍വേ പഠനം ആരംഭിച്ചു

 

തൊടുപുഴ മുട്ടം മലങ്കര ഡാമില്‍ ജലാശയത്തിന്റെ ആഴം അളക്കുന്നതിനും അണ്ടര്‍വാട്ടര്‍ സവിശേഷതകള്‍ മാപ്പ് ചെയ്യുന്നതിനുമുള്ള (ബാത്ത്മെട്രിക്കല്‍ സര്‍വേ) മുന്നൊരുക്ക പഠനം ആരംഭിച്ചു. ജലവിഭവ വകുപ്പിന് കീഴില്‍ പീച്ചിയിലുള്ള കേരള എഞ്ചിനീയറിംഗ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (കേരി) അണക്കെട്ടില്‍ പഠനം നടത്തുക. ആറ് ദിവസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കുന്നതിനാണ് ശ്രമം. രണ്ട് അംഗങ്ങളുള്ള എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പഠനം ആരംഭിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ വരും ദിവസങ്ങളില്‍ മലങ്കരയിലെത്തും. ബോട്ടില്‍ ഘടിപ്പിക്കുന്ന മള്‍ട്ടി ബീം എക്കോ സൗണ്ടര്‍ ഉപയോഗിച്ചുള്ള മള്‍ട്ടി-ബീം സര്‍വേയിംഗ് നടത്തുന്നതിനാണ് നീക്കം. പഠനത്തിനായി പീച്ചിയില്‍ നിന്ന് ബോട്ടും മറ്റ് ഉപകരണങ്ങളും മലങ്കര ജലാശയത്തിലെത്തിച്ചിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായി മലങ്കര ഡാമിന്റെ മുഴുവന്‍ ഭാഗങ്ങളിലും സംഘം ബോട്ടില്‍ സഞ്ചരിക്കും. ഇതിനായി വരും ദിവസങ്ങളില്‍ ഡാമിന്റെ പരമാവധി ശേഷിയായ 42 മീറ്ററിലേക്ക് ജലനിരപ്പ് ഉയര്‍ത്തും.

 

1994 ല്‍ കമ്മീഷന്‍ ചെയ്ത ഡാമില്‍ ഇതുവരെയും ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തിയിട്ടില്ല. ഇക്കാലയളവില്‍ മുന്‍ വര്‍ഷങ്ങളിലെ പ്രളയത്തിലേതുള്‍പ്പെടെ ഉരുള്‍പൊട്ടലുകളിലൂടെയും മറ്റും വന്‍ തോതില്‍ ചെളിയും കല്ലും ഡാമില്‍ അടിഞ്ഞിരുന്നു. ഇത് ഡാമിന്റെ സംഭരണ ശേഷിയില്‍ കുറവുണ്ടാക്കിയോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബാത്ത്മെട്രിക്കല്‍ സര്‍വേയിലൂടെ കണ്ടെത്താനാവും. മണ്ണും ചെളിയും ഉള്‍പ്പെടെ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെങ്കിലും പഠനം ആവശ്യമാണ്. ഡാമിന്റെ നിയന്ത്രണ ചുമതലയുള്ള മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് (എം.വി.ഐ.പി.) അധികൃതരുടെ ആവശ്യപ്രകാരമാണ് ഇപ്പോഴത്തെ പഠനം.

 

മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും വൈദ്യുതോല്‍പ്പാദന ശേഷം പുറന്തള്ളുന്ന വെള്ളമാണ് തൊടുപുഴയാറിന് കുറുകേ നിര്‍മിച്ചിരിക്കുന്ന മലങ്കര ഡാമില്‍ പ്രധാനമായും ശേഖരിക്കുന്നത്. ഇതിന് പുറമേ സമീപ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴകളും തോടുകളും വന്ന് പതിക്കുന്നതും മലങ്കര ജലാശയത്തിലേക്കാണ്. ഡാമിന്റെ ആകെ നീളം 460 മീറ്ററും, ഉയരം 23 മീറ്ററുമാണ്. ആറ് സ്പില്‍വേ ഗേറ്റുകളുളള മലങ്കര ഡാമിന്റെ സംഭരണശേഷി 37 മില്യണ്‍ ക്യുബിക് മീറ്ററാണ്. ജലസേചനം, വൈദ്യുതോല്‍പ്പാദനം എന്നീ ലക്ഷ്യങ്ങളോടെയാണ് മലങ്കര ഡാം നിര്‍മ്മിച്ചത്. കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലേക്ക് ഡാമില്‍ നിന്നുള്ള ജലവിതരണത്തിനായി 28.337 കി.മീ നീളമുളള വലതുകര പ്രധാന കനാലും, 37.10 കി.മീ. നീളമുളള ഇടതുകര പ്രധാന കനാലും ഉള്‍പ്പെടെ ആകെ 323 കി.മീ. കനാല്‍ ശൃംഖലയുമുണ്ട്.ഇതോടൊപ്പം മലങ്കരയില്‍ മിനി പവര്‍ ഹൗസുമുണ്ട്.3.5 മെഗാവാട്ടിന്റെ 3 ടര്‍ബൈനുകള്‍ ഉപയോഗിച്ച് 10.5 മെഗാവാട്ട് വൈദ്യുതിയാണ് മലങ്കരയില്‍ ഉത്പാദിപ്പിക്കുന്നത്. 2005 ഒക്ടോബര്‍ 6 നാണ്‌കെ.എസ്.ഇ.ബി.യുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവില്‍ വന്നത്.

Back to top button
error: Content is protected !!