എം.എ. കോളേജിൽ സ്റ്റാർട്ടപ് ഐഡിയ മത്സരം സംഘടിപ്പിച്ചു.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്‌സ് പി. ജി. വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ഇൻസെപ്റ്റ് 2020’
സ്റ്റാർട്ടപ് ഐഡിയ മത്സരം സംഘടിപ്പിച്ചു. വളർന്നു വരുന്ന യുവ സംരംഭകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. രണ്ട് ഘട്ടമായി നടത്തിയ പരിപാടിയിൽ പ്രമുഖ വ്യവസായികൾ വിധികർത്താക്കളായി. ചെറുകിട വ്യവസായങ്ങൾ മുതൽ അന്താരാഷ്ട്ര വ്യവസായങ്ങൾ വരെ സൃഷ്ടിക്കുന്നതിനുള്ള ആശയങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചതോടെ മത്സരം ആവേശകരമായി. ഓഗസ്റ്റ് 26 ആം തീയതി നടന്ന ഒന്നാം ഘട്ടത്തിൽ നിന്നും 25 വിദ്യാർത്ഥികളെയാണ് സെപ്റ്റംബർ 9 ആം തീയതി നടന്ന രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തത്. പ്രമുഖ വ്യവസായികളായ ജിബു പോൾ (സി.ഇ.ഒ. & ബ്രാൻഡ് എഞ്ചിനീയർ , ബ്രാൻഡ് ബ്രൈൻസ്, കൊച്ചി), ജോൺ മാത്യു (സി.ഇ.ഒ., യാഫി ടെക്നോളജിസ്, കൊച്ചി) , ജിയോ ജോസ് (ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ, കോതമംഗലം) എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിൽ എം.എ. കോളേജ് കോമേഴ്‌സ് പി.ജി. വിഭാഗം, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ ഹൃദ്യ എൽദോസ്, ആനന്ദ് റാഫേൽ, അനശ്വര റോബി, ഗ്രീഷ്മ പി.എം., അബ്ദു സമദ് എന്നിവർ ‘ബെസ്റ്റ് ഐഡിയ’ വിജയികളായി. രണ്ടാം വർഷ വിദ്യാർത്ഥിയായ സൂനെറ്റ് രാജേഷ് ‘ബെസ്റ്റ് പെർഫോർമർ’ അവാർഡ് കരസ്ഥമാക്കി. വിജയികൾക്ക് കൊച്ചി ആസ്ഥാനമായുള്ള സാന്റാ മോണിക്ക പ്രൈ. ലിമിറ്റഡ് ക്യാഷ് അവാർഡ് നൽകും. വിദ്യാർത്ഥികളിലെ സംരംഭക മനസ്സിനെ ഉത്തേജിപ്പിക്കാനും, മികച്ച ഐഡിയകൾ കോളേജ് മുഖാന്തരം തന്നെ സ്റ്റാർട്ടപ്പായി രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിക്കുവാൻ വിദ്യാർത്ഥികളെ സഹായിക്കുക എന്ന മഹത്തരമായ ഉദ്ദേശവും പരിപാടി കൊണ്ട് ലക്ഷ്യമിടുന്നു എന്നും തുടർവർഷങ്ങളിലും പരിപാടി വിപുലീകരിച്ച് നടത്തുമെന്നും സംഘാടകർ അറിയിച്ചു. കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക് , അസി. പ്രൊഫ. ലിത മേരി ഐസക് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും പിന്നണി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.

Back to top button
error: Content is protected !!