മൂവാറ്റുപുഴ തേനി സംസ്ഥാന പാതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി തലകീഴായി മറിഞ്ഞ് അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ലോറിയിലെ സഹായി ഈരാറ്റുപേട്ട സ്വദേശി കുഴിവേലിപ്പറമ്പില്‍ അബ്ദുള്‍ ലത്തീഫ് (50) ആണ് മരിച്ചത്. ഡ്രൈവര്‍ ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി വെങ്കടശ്ശേരി മാഹിന്‍ വി.എസ് (38) പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. മൂവാറ്റുപുഴ തേനി സംസ്ഥാന പാതയില്‍ രണ്ടാര്‍കര ടാങ്ക് കവലക്ക് സമീപം വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. കല്ലൂര്‍ക്കാട് ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറിക്കുള്ളില്‍ കുടുങ്ങിയ ഇരുവരെയും മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ലത്തീഫിനെ ഉടന്‍തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അപകടത്തിൽ പരിക്കേറ്റ മാഹിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും, തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മാഹിന്റെ പരിക്കുകള്‍ ഗുരുതരമല്ല.

 

Back to top button
error: Content is protected !!