ശുചിമുറി മാലിന്യംകൊണ്ട് പൊറുതിമുട്ടി മാറാടി പഞ്ചായത്തിലെ നാട്ടുകാര്‍

മൂവാറ്റുപുഴ: ശുചിമുറി മാലിന്യംകൊണ്ട് പൊറുതിമുട്ടി മാറാടി പഞ്ചായത്തിലെ നാട്ടുകാര്‍. രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണയാണ് എംസി റോഡിന് സമീപം സാമൂഹികവിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയത്. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഊര്‍ജിതമാക്കി നടപ്പിലാക്കുന്ന സമയത്താണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ശുചിമുറി മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത്. മഴ പെയ്യുമ്പോള്‍ മാലിന്യങ്ങള്‍ സമീപത്തെ വീടുകളിലെ കിണറുകളിലും, പറമ്പുകളിലും ഒഴുകി എത്തുന്നതിനെ തുടര്‍ന്ന് കിണര്‍ വെള്ളം പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. മാറാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പമ്പ് ഹൗസിന് സമീപത്താണ് സാമൂഹികവിരുദ്ധര്‍ കഴിഞ്ഞ ദിവസം വീണ്ടും മാലിന്യം നിക്ഷേപിച്ചത്.

ലോഡ് കണക്കിന് മാലിന്യങ്ങള്‍ വാഹനങ്ങളില്‍ എത്തിച്ച് തള്ളുന്ന ഇടമായി എംസി റോഡിന്റെ ഇരു വശങ്ങളും മാറിയതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ടിപ്പറും ലോറിയും ഉപയോഗിച്ച് ആറ് തവണയാണ് പഞ്ചായത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ വൃത്തിയാക്കിയ ഭാഗങ്ങളില്‍ വീണ്ടും ചാക്ക് കണക്കിന് മാലിന്യങ്ങള്‍ നിക്ഷേപിക്കുകയായിരുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചവര്‍ക്ക് രണ്ട്‌ലക്ഷത്തി ഏഴായിരത്തി അഞ്ഞുറ് രൂപയാണ് പഞ്ചായത്ത് പിഴ ചുമത്തിയത്. പ്രദേശത്തെ മാലിന്യ നിക്ഷേപം തടയുന്നതിനായി ഇരുപത് പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ അവസാനഘട്ടത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെയും, അംഗങ്ങളായ രതീഷ് ചങ്ങാലിമറ്റം, ഷിജി മനോജ് എന്നിവരുടെയും നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ തള്ളിയ പ്രദേശം ശുചീകരിച്ചത്.

 

Back to top button
error: Content is protected !!