തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാകുന്നു.

 

മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം ശക്തമാകുന്നു. ഇതിലൂടെ ഓരോ വാർഡുകളിലെയും കന്നി വോട്ടർമാരെയും, ന്യൂജൻ വോട്ടർമാരെയും കയ്യിൽ എടുക്കുകയാണ് ലക്ഷ്യം. സ്ഥാനാർഥികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചും, ഭരണപക്ഷം തങ്ങളുടെ നേട്ടങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിക്കാട്ടിയും, പ്രതിപക്ഷം ഭരണപക്ഷത്തിന്റെ കാര്യക്ഷമതയില്ലായ്മയും അഴിമതികളും ഉയർത്തിക്കാട്ടിയുമാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ സജീവ പാർട്ടി പ്രവർത്തകരാണ് ഓരോ ദിവസവും പാർട്ടി ചർച്ചകളും വിവാദങ്ങളും ചൂടാക്കി നിർത്തിക്കൊണ്ട് ശ്രദ്ധ നേടാൻ ശ്രമിക്കുന്നത്. മാസങ്ങൾക്കു മുമ്പ് തന്നെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രാദേശികതലത്തിൽ ഉള്ളവരെ ആകർഷിക്കുന്നതിൽ സമൂഹമാധ്യമ പേജുകളും അക്കൗണ്ടുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും ആരംഭിച്ചിരുന്നു.വാഴക്കുളം,പോത്താനിക്കാട്,വാളകം,പായിപ്ര,നഗരസഭയുമൊക്കെ കേന്ദ്രീകരിച്ചു ഇതിനകം തന്നെ നിരവധി ഗ്രൂപ്പുകൾ സജ്ജമാണ്. കോവിഡ് 19 മൂലം പ്രചാരണങ്ങൾക്ക് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രചാരണങ്ങളുടെ ഭാഗമായി ധാരാളം വ്യാജ അക്കൗണ്ടുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വ്യക്തിഹത്യയും വിദ്വേഷ പ്രചരണവുമാണ് ഇത്തരം വ്യാജന്മാരുടെ ലക്ഷ്യം. വോട്ടർമാരെ ഭിന്നിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് വിജയം കൈവരിക്കുക എന്നതാണ് ഇവരുടെ പദ്ധതിയിലുള്ളതായി സൂചന. വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ഉള്ള പ്രചാരണം കൂടുതൽ കൊഴുക്കുമെന്ന് തീർച്ച.

Back to top button
error: Content is protected !!