ഏതു കാലത്തും ദിശാ സൂചികയായി സാഹിത്യം നിലനില്‍ക്കും: ഡോ. ജോസ് അഗസ്റ്റിന്‍

മൂവാറ്റുപുഴ: ഏതു കാലത്തും ദിശാ സൂചികയായി സാഹിത്യം നിലനില്‍ക്കുമെന്നും, അത് സൃഷ്ടിക്കുന്ന വെളിച്ചത്തിന് പകരമായി മറ്റൊന്നിനെ സൃഷ്ടിക്കുന്നതിന് വേറൊന്നിനും കഴിയില്ലെന്നും ഡോ. ജോസ് അഗസ്റ്റിന്‍ . നിര്‍മ്മല കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ സൃഷ്ടിക്കുന്നതിലും നവീകരിക്കുന്നതിലും സാഹിത്യത്തിന് വലിയ പങ്കുണ്ടെന്നും സമകാലിക കേരള സമൂഹത്തിന്റെ ആശയാവലികളെ നിര്‍മ്മിക്കുന്നതിനായി എം.ടി വാസുദേവന്‍ നായര്‍ക്ക് നിസ്തുല സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞെന്നും എഴുത്തുകാരന്‍, കലാകാരന്‍ എന്നീ നിലകളില്‍ വ്യക്തിക്ക് എങ്ങനെ മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാകും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് എം.ടിയെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് തിയറി കാലം സാഹിത്യ നിരൂപണത്തെയും സമൂഹത്തെയും സ്വതന്ത്രമാക്കിയിട്ടുണ്ടെന്നും അത്തരം സിദ്ധാന്തങ്ങള്‍ സമൂഹത്തിന് ചിന്താ സ്വാതന്ത്ര്യം നല്‍കിയെന്നും അധ്യാപികയും ചിന്തകയുമായ ഡോ.കവിത ഗോപാലകൃഷ്ണന്‍ പറഞ്ഞു. സാഹിത്യവും സിദ്ധാന്തവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. കവിത.തുടര്‍ന്ന് എം.ടിയുടെ തിരക്കഥാ പുസ്തകങ്ങളും, ചലച്ചിത്ര ഡിവിഡികളും വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

 

Back to top button
error: Content is protected !!