മണിയന്തടത്തിനു സമീപം വടകോട് പുലിയെ കണ്ടതായി തടി വ്യാപാരി

വാഴക്കുളം: പുലിയെന്ന് സംശയിക്കുന്ന ജീവിയെ മണിയന്തടത്തിനു സമീപം വടകോട് കണ്ടതായി തടി വ്യാപാരിയായ കല്ലൂര്‍ക്കാട് കുന്നേല്‍ ഫര്‍ണിച്ചര്‍ സ്ഥാപന ഉടമ കെ.ഡി പ്രദീപ്. ഇന്നലെ രാവിലെ പത്തരയോടെ തടി വ്യാപാരത്തിനായി വടകോട് മാക്കൂച്ചിറ ടോമിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ എത്തിയതായിരുന്നു പ്രദീപ്. ടോമിയും പ്രദീപും പറമ്പിലെ തടികള്‍ കണ്ട് ഇടപാടുകള്‍ ഉറപ്പിച്ചശേഷം ഇരുവരും ഇരു ദിശയില്‍ പിരിഞ്ഞപ്പോഴേക്കും തൊട്ടടുത്തുള്ള മാങ്കുടി ടോമിയുടെ പറമ്പില്‍ നിന്ന് താഴേക്ക് അജ്ഞാത ജീവി എടുത്തുചാടുന്നതായി പ്രദീപ് കാണുകയായിരുന്നു. ശരാശരി 40 കിലോയോളം തൂക്കമുള്ള തവിട്ടു നിറത്തില്‍ കറുത്ത അടയാളങ്ങളുള്ള ജീവിയായിരുന്നുവെന്ന് പ്രദീപ് പറയുന്നു. വനമേഖലയോടു ചേര്‍ന്ന് കാടുപിടിച്ച് കിടക്കുന്ന പ്രദേശമാണിവിടം. പ്രദീപ് പുലിയെ കണ്ടതായി പറയുന്ന പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്ററോളം ദൂരത്താണ് കഴിഞ്ഞ 10 ന് രാത്രി ഏഴരയോടെ മണിയന്തടത്ത് വാഴേപ്പറമ്പില്‍ സുലോചന വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി അവകാശപ്പെട്ടത്. വീണ്ടും 13 ന് രാത്രി പത്തരയോടെ മണിയന്തടത്ത് ആലയ്ക്കല്‍ സോനയുടെ വീടിനു സമീപത്തെ പാറയില്‍ രാത്രി കഴിഞ്ഞിരുന്ന അഞ്ച് ആടുകളിലൊന്നിനെ പുലിയെന്നു സംശയിക്കുന്ന ജീവി കൊലപ്പെടുത്തുകയും മറ്റൊന്നിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി കാല്‍പ്പാദത്തിന്റെ അടയാളം ശേഖരിക്കുകയും ആടിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു.

പുലിയെന്നു സംശയിക്കാവുന്ന വന്യ ജീവിയാണ് ആക്രമണം നടത്തിയതെന്ന് മാത്രമേ സ്ഥിരീകരണം ലഭിച്ചിരുന്നുള്ളൂ. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായി ആടു കൊല്ലപ്പെട്ട സ്ഥലത്ത് രണ്ടു കാമറകള്‍ വനം വകുപ്പ് സ്ഥാപിച്ചെങ്കിലും സംശയിക്കത്തക്ക ജീവികളുടെ ദൃശ്യമൊന്നും ലഭ്യമായിരുന്നില്ല. ഇതിനിടയില്‍ സമീപ പ്രദേശങ്ങളായ വേങ്ങച്ചുവട്, കദളിക്കാട്, തെക്കുംമല പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി വ്യാജ പ്രചരണങ്ങളും ഏറെ ഉണ്ടായി. പുലിയെന്ന് സ്ഥിരീകരണം ലഭിച്ചാലേ പുലിക്കെണി സ്ഥാപിക്കാന്‍ ചീഫ് വൈല്‍ഡ് ഫോറസ്റ്റ് ഓഫീസില്‍ നിന്ന് അനുമതി ലഭിക്കൂ. പ്രദേശവാസികളുടെ ആശങ്കയ്ക്കറുതി വരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡീന്‍ കുര്യാക്കോസ് എംപി എന്നിവര്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയുടെ ഇടവേളയ്ക്കു ശേഷമാണ് പകല്‍ വെളിച്ചത്തില്‍ പുലിയെ അടുത്തു കണ്ടതായി മറ്റൊരാള്‍ അവകാശപ്പെട്ടിരിക്കുന്നത്. ഇതോടെ വടകോടും സമീപ പ്രദേശങ്ങളിലും പരിഭ്രാന്തി പരന്നിരിക്കുകയാണ്. വടകോട് പുലിയെ കണ്ടതായി പറയുന്ന പ്രദേശത്ത് വനം വകുപ്പുദ്യോഗസ്ഥര്‍ ഇന്ന്
സന്ദര്‍ശനം നടത്തി കാമറ ഇവിടേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നറിയുന്നു.

 

Back to top button
error: Content is protected !!