വായന പക്ഷാചരണ പരിപാടികൾക്കായി താലൂക്കിലെ ഗ്രന്ഥശാലകൾ ഒരുങ്ങി

മൂവാറ്റുപുഴ: പി.എന്‍. പണിക്കരുടെ ചരമവാര്‍ഷിക ദിനമായ ഇന്ന് ആരംഭിക്കുന്ന വായന പക്ഷാചരണം ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലായ് 7 ന് സമാപിക്കും. ഇതോടനുബന്ധിച്ച് വിപുലമായ സാംസ്‌കാരിക പരിപാടികള്‍ക്ക് മൂവാറ്റുപുഴ താലൂക്കിലെ ലൈബ്രറികള്‍ നേതൃത്വം നല്‍കും. വായന മരിക്കുന്നില്ലെന്നും വായനയാണ് ഞങ്ങളെ പൂര്‍ണതയിലെത്തിക്കുന്നതെന്നുമുള്ള പ്രതിജ്ഞ ഇന്ന് താലൂക്കിലെ 74 ശാലകളും സമീപത്തു സ്‌കൂള്‍ കുട്ടികളോടൊപ്പം ചേര്‍ന്നെടുക്കും. ഗ്രന്ഥശാലകളിലെ അംഗങ്ങളേയും മറ്റുള്ളവരെയും പുസ്തകവായനയിലേക്ക് അടുപ്പിക്കുവാന്‍ 15 ദിവസകാലം വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. വായന ദിനമായ ഇന്ന് പി.എന്‍. പണിക്കര്‍ അനുസ്മരണത്തോടൊപ്പം എല്ലാ ഗ്രന്ഥശാലകളിലും വീട്ടക വായന സദസിന്റെ ഉദ്ഘാടനവും നടക്കും. തകഴി, ബഷീര്‍, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി , എം.ടി, കെ.ആര്‍. മീര തുടങ്ങയവരുടെയെല്ലാം പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച, കഥാപ്രസിഗ കുലപതി വി.സാബശിവന്‍ അനുസ്മരണം, വനിതകളുടേയും വയോജനങ്ങളുടേയും യുവാക്കളുടേയും കുട്ടികളുടേയും സംഗമങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്കും പ്രത്യേകം വായനാ മത്സരങ്ങള്‍ എന്നിവ പക്ഷാചരണത്തില്‍ നടക്കും.

നാടിന്റെ വെളിച്ചമണ് ഗ്രന്ഥാലയം

ഗ്രാമ,നഗര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥാലയങ്ങള്‍ നാടിന്റെ വെളിച്ചമായും വഴികാട്ടിയായും വിവരവിനിമയകേന്ദ്രങ്ങളായും മാറുകയാണ്. സാമൂഹ്യ,സാംസ്‌ക്കാരിക ,വിദ്യാഭ്യാസ രംഗത്ത് നിരവധി നേട്ടങ്ങള്‍ ഗ്രന്ഥശാലകള്‍ വഴി നാട്ടുകാര്‍ക്ക് ലഭിക്കുന്നു. തുടര്‍ വായനയിലൂടേയും ഗ്രന്ഥശാലകള്‍ നടത്തിവരുന്ന കോച്ചിംഗ് ക്ലാസിലൂടെയും അറിവുനേടിയ നിരവധിപേരാണ് വിവിധ മത്സര പരീക്ഷകളില്‍ വിജയിച്ച് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. റഫ്രന്‍സ് ഗ്രന്ഥങ്ങളടക്കം നിരവധി പുസ്തകങ്ങളും ഇംഗ്ലീഷ് പത്രങ്ങളുള്‍പ്പടെ നിരവധി പത്രങ്ങളും അനവധി ആനുകാലികങ്ങളും ഓരോലൈബ്രറികളിലുമുണ്ട്. ഈ വിജ്ഞാന സേവന കേന്ദ്രം, യുവത, രക്തബാങ്ക്, വനിതാവേദി ,സ്പോര്‍ട്സ് ക്ലബ്, സൗജന്യ ഇന്റര്‍നെറ്റ് വൈഫൈ സൗകര്യവും എന്നിവയെല്ലാ ലൈബ്രറികളില്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചുവരുകയാണ്. ലൈബ്രറി കൗണ്‍സില്‍ വികസിപ്പിച്ചെടുത്ത പബ്ലിക് എന്ന സോഫ്റ്റവയര്‍ സംബന്ധിച്ച് ലൈബ്രറി സെക്രട്ടറിമാര്‍ക്കും , ലൈബ്രേറിയന്‍മാര്‍ക്കും കൗണ്‍സില്‍ നേരിട്ട് പരശീലനം നല്‍കിവരുകയാണ്. തുടര്‍പരിശീലത്തിലൂടെ നേടുന്ന കമ്പ്യൂട്ടര്‍ പരിജ്ഞാനം ലൈബ്രറികളെ ആധുനീക വല്‍ക്കരിക്കപ്പെടുകയും പൊതുജനങ്ങള്‍ക്ക് നല്‍കുന്നസേവനം വേഗതയില്‍ നല്‍കുന്നതിനും കഴിയും. ഇതിനുള്ള തയ്യാറെടുപ്പു കളാണ് ഈ വായനപക്ഷാചരണ കാലത്ത് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടത്തിവരുന്നതെന്ന് കൗണ്‍സില്‍ പ്രസിഡന്റ് ജോഷി സ്‌കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവര്‍ പറഞ്ഞു.

 

Back to top button
error: Content is protected !!