മൂവാറ്റുപുഴ നഗരസഭയുടെ പൊള്ളയായ ബജറ്റ്: പ്രതിഷേധവുമായി പ്രതിപക്ഷം

മൂവാറ്റുപുഴ: നഗരസഭയുടെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റിനെതിരെ പ്രതിപക്ഷം രംഗത്ത്. നഗരസഭയുടെ ബജറ്റില്‍ പുതിയ വരുമാന നിര്‍ദ്ദേശങ്ങള്‍ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊള്ളത്തരങ്ങള്‍ തുടര്‍ച്ചയാകുന്ന ബഡ്ജറ്റാണെന്നും പ്രതിപക്ഷം ആരോപിച്ചു.അടുത്ത ഒരു വര്‍ഷം നഗരസഭ എന്തു ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ ഏകദേശ ചിത്രമാണ് ബജറ്റിലൂടെ നല്‍കേണ്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ കുറവ് വന്നിട്ടുള്ളതും ഇത് കാണാതെ വരവ് വീണ്ടും ഊതി പെരുപ്പിച്ച് കാണിക്കുകയും ചെയ്തു കൊണ്ട് യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണ് നഗരസഭ ചെയര്‍മാന്‍ പി.പി ഏല്‍ദോസ് തിങ്കളാഴ്ച അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ബജറ്റിനുമേല്‍ ചെവ്വാഴ്ച നടത്തിയ ചര്‍ച്ച പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും മുന്‍സിപ്പല്‍ ഓഫീസിനുമുന്‍പില്‍ മുദ്രവാഖ്യങ്ങള്‍ വിളിച്ച് പ്രതിഷേധം നടത്തുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ എല്‍ഡിഎഫ് കൗണ്‍സില്‍ കൊണ്ട് വന്ന ഷീ ലോഡ്ജ് പൂര്‍ത്തീകരണത്തിന്റെ പാതയില്‍ എത്തിച്ചിട്ടും ഇത് വരെ തുറന്ന് നല്‍കാന്‍ യുഡിഎഫ് ഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്ന സ്ഥിതി നില്‍ക്കുമ്പോഴാണ് കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ് ഇതുവരെ നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതികളാണ് ഈ ബജറ്റില്‍ വീണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്ഷേമപെന്‍ഷനും വയോമിത്രം പദ്ധതിയുമെല്ലാം മികച്ച രീതിയില്‍ കൊണ്ട് വരുന്നു എന്നത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്ന മുറിക്കല്ല് പാലം യഥാര്‍ദ്ധ്യമാക്കുക എന്നത് പതിവ് പോലെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ് പോകുന്നു എന്നല്ലാതെ ചെറുവിരലനക്കാന്‍ ഈ കൗണ്‍സിലിന് കഴിയുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ അതിദരിദ്രരെ കണ്ടെത്തുകയും അവരുടെ ക്ഷേമത്തിന് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫണ്ട് വകയിരുത്തണം എന്നതിന്മേല്‍ 2ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.അതി ദരിദ്രരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക അപര്യാപ്തമാണ്.യുവാക്കള്‍ക്കും വനിതകള്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ ഒന്നും ബജറ്റില്‍ വിഭാവനം ചെയ്തിട്ടില്ല. 28 വാര്‍ഡുകളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കുന്ന ബജറ്റായി ഇതിനെ കാണാന്‍ കഴിയില്ല. കഴിഞ്ഞ ബജറ്റില്‍ നിര്‍ദ്ദേശിച്ച ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ പോലും കഴിയാതിരിക്കുകയും അതേപടി വീണ്ടും ഇത്തവണയും ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഗതാഗതം,കുടിവെള്ളം,കൃഷി, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മാന്യമായ തുക എല്ലാ പ്രദേശത്തെയും വിലയിരുത്തി വകയിരുത്തുന്ന സ്ഥിതി ബജറ്റില്‍ ഉണ്ടായിട്ടില്ല. സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പദ്ധതി പോലും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ഏറ്റവും വലിയ പോരായ്മയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വരവും ചെലവും ഊതിപ്പെരുപ്പിച്ച ബജറ്റ് നഗരസഭയോടുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന നിലയിലേക്ക് മാറുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

 

Back to top button
error: Content is protected !!