വൈകിയെത്തിയ അംഗീകാരം … 15 വർഷത്തിന് ശേഷം ദേശീയ അദ്ധ്യാപക അവാർഡ് ഏറ്റ് വാങ്ങി….. വർഷങ്ങളുടെ നിയമ യുദ്ധം ……

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

 

കോലഞ്ചേരി:പതിനഞ്ച് വർഷമായി തടയപ്പെട്ട മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നിയമ യുദ്ധത്തിനൊടുവിൽ ബാബു സാറിന് സ്വന്തമായി. തിരുവാണിയൂർ സ്വദേശിയായ ഇദ്ദേഹത്തിന് 2006 ൽ ദേശീയ അദ്ധ്യാപക അവാർഡിന് അർഹനായെങ്കിലും വ്യക്തിപരമായ കാരണത്താൽ സ്കൂൾ മാനേജ്മെന്റുമായുണ്ടായ കോടതി കേസ്സിനാൽ അവാർഡ് തടയപ്പെടുകയായിരുന്നു. ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു ബാബു . കെ. ഇട്ടീര .2006 ൽ അവാർഡ് മേടിക്കാൻ ഡൽഹിയിലെത്തിയ ബാബു സാറിന് പക്ഷെ അവാർഡിൽ മുത്തമിടാൻ ആയില്ല. ഇടത് സർക്കാർ അധികാരത്തിലായിരുന്ന അന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ കൊണ്ട് കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ടിയിരുന്ന അവാർഡ് തടയപ്പെടുത്തുകയായിരുന്നു. പിന്നീട് നിയമയുദ്ധമായിരുന്നു. 2013 ൽ മാനേജ്മെന്റ് കൊടുത്ത കേസ് തള്ളപ്പെടുകയും ചെയ്തു. തുടർന്ന് തനിക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കുന്നതിന് കേരള ഹൈക്കോടതിയെ സമീപിച്ചു. നാല് വർഷം കൊണ്ട് കേസ്സ് തീർപ്പായി എങ്കിലും ആറ് മാസം മുമ്പാണ് അനുകൂല ഉത്തരവ് ഉണ്ടായത്. അനുകൂല ഉത്തരവ് ഉണ്ടായിട്ടും വീണ്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ്സ് ഫയൽ ചെയ്തു. ഇന്ന് (25 – 11-2021 ) കേസ്സ് കോടതിയിൽ വിളിക്കാനിരിക്കെയാണ് തിരുവനന്തപുരത്ത് എത്തി അവാർഡ് സ്വീകരിക്കണമെന്ന് ചൊവ്വാഴ്ച്ച ബാബു സാറിന് അറിപ്പ് ലഭിക്കുന്നത്. ഇതനുസരിച്ച് ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ബാബു സാർ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മ്ദ് ഹനീഷ്, വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, കേന്ദ്രത്തിൽ നിന്നുള്ള അണ്ടർ സെക്രട്ടറി രാജേന്ദ്രപ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡ് ഏറ്റ് വാങ്ങിയത്. 2008 ൽ റിട്ടയർ ചെയ്തെങ്കിലും പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് നിയമയുദ്ധത്തിലൂടെ വിജയം കൈവരിച്ചിരിക്കുകയാണ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ ബാബു. ഭാര്യ ആനി, സുനിൽ ,സുനു എന്നിവർ മക്കളാണ്.

Back to top button
error: Content is protected !!