പോയ വാരത്തിലെ മൂവാറ്റുപുഴയിലെ പ്രധാന വാര്‍ത്തകള്‍

മെയ്‌ 26 മുതൽ ജൂൺ 1 വരെ

 • മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 13-ാം വാര്‍ഡില്‍ പള്ളിച്ചിറങ്ങര ചിറയിടിഞ്ഞ് സമീപവാസികളുടെ സഞ്ചാരപാത പൂര്‍ണമായും നിലച്ചു. ചിറയുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ സമയബന്ധിതമായി നടത്താത്തതിനാലാണ് മഴ കനത്ത സാഹചര്യത്തില്‍ ചിറ ഇടിഞ്ഞതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ചിറക്ക് സമീപമുള്ള അമ്പല മതിലും ആര്‍ച്ച് ഉള്‍പ്പെടുന്ന കവാടവും മണ്ണിടിച്ചില്‍ ഭീഷണി നേരിടുകയാണ്.

 

 • മൂവാറ്റുപുഴ: കാടുകയറി കിടന്നിരുന്ന മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ശുചീകരിച്ച് യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി. കഴിഞ്ഞ കുറച്ചു നാളുകളായി കാട് പിടിച്ചു കിടന്നിരുന്ന ബസ് സ്റ്റാന്‍ഡാണ് മഴക്കാല പൂര്‍വ്വ ശുചികരണത്തിന്റെ ഭാഗമായി യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. ചൊവ്വാഴ്ച രാവിലെ 8ന് ആരംഭിച്ച ശുചികരണ പ്രവര്‍ത്തനത്തില്‍ 50ഓളം യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കാളികളായി.

 • ആവോലി: കുഴികള്‍ നിറഞ്ഞ് ആവോലി പഞ്ചായത്തിന്റെ മുന്‍വശത്തുകൂടി കടന്നുപോകുന്ന പഴയ പി.എം റോഡിലൂടെയുള്ള യാത്ര ദുരിതത്തില്‍. റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പിഡബ്ലുഡി അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.

 • മൂവാറ്റുപുഴ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ സാക്ഷരത മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരതരാക്കുന്നതിനായി നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പായിപ്ര പഞ്ചായത്തില്‍ ആരംഭിച്ചു. ഹമാരി മലയാളം പാഠപുസ്തകം അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത് ക്ലാസുകള്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചു.

 • മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് അംഗത്തിനുള്ള ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ജവഹര്‍ പുരസ്‌കാരം – 2024ന് അര്‍ഹനായി പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം ഇ.എം ഷാജി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അവാര്‍ഡ് സമ്മാനിച്ചു.

 • മൂവാറ്റുപുഴ: എംസി റോഡില്‍ പുളിഞ്ചുവട് കവലയില്‍ അടിയന്തരമായി റോഡ് നവീകരണം നടത്തണമെന്ന ആവശ്യം ശക്തം. കവലയില്‍ 800 മീറ്റര്‍ ദൂരം റോഡ് ടൈല്‍ ഇളകിയതിനാല്‍ അപകടങ്ങള്‍ പതിവാണ്.ആറ് വര്‍ഷത്തിനിടെ യാതൊരു അറ്റകുറ്റപ്പണികളും ചെയ്യാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ റോഡ് സഞ്ചാരയോഗ്യമല്ലാതായി

 • മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ തട്ടുപറമ്പ് മുസ്ലിം ജമാഅത്തില്‍ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. തട്ടുപറമ്പ് ജമാഅത്ത് ഇമം ഫൈസല്‍ ബാഖവി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  മറ്റ് മതസ്ഥരുടെ മരണം വിളിച്ചറിയിച്ച് പ്രശസ്തമായ തട്ടുപറമ്പ് ജമാഅത്ത് ഭരണസമിതി 4,90,000 രൂപയ്ക്ക് 10 കിലോ വാട്ട് വരുന്ന പദ്ധതിയണ് പൂര്‍ത്തീകരിച്ചത്. ഒരു ദിവസം 52 യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബിക്ക് ഇപ്പോള്‍ സോളാര്‍ വഴി നല്‍കുന്നത്.

 • മൂവാറ്റുപുഴ: അധ്യായനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മൂവാറ്റുപുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മൂവാറ്റുപുഴ ആര്‍ടിഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ – കോളേജ് ബസുകളുടെ പ്രവര്‍ത്തന ക്ഷമത പരിശോധനയാണ് നിര്‍മല പബ്ലിക് സ്‌കുളില്‍ സംഘടിപ്പച്ചത്. 150 ഓളം വാഹനങ്ങള്‍ പരിശോധനക്ക് വിധോയമായി.

 

 • മൂവാറ്റുപുഴ: പുത്തന്‍കുരിശ് നാലുസെന്റ് കോളനിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബന്ധുവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. വെള്ളുമനക്കുഴി കരോട്ട് സുരേഷ് (ബഡാഭായി- 28) നെ കത്തികൊണ്ട് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയും, ബന്ധുവുമായ വടക്കനേട് ഷണ്‍മുഖനെയാണ് കോടതി ശിക്ഷിച്ചത്.

 • മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ പഞ്ചായത്തില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. ആറാം വാര്‍ഡില്‍ മണിയന്തടം കോളനിയില്‍ മരുതിങ്കല്‍ കൃഷ്ണന്‍ കുട്ടിയുടെ വീടാണ് ചൊവ്വാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയില്‍ തകര്‍ന്നത്. ആസ്പൊറ്റാസ് ഷീറ്റുപയോഗിച്ച് മേഞ്ഞ വീടാണ് നിലംപതിച്ചത്. കാല പഴക്കം ചെന്ന വീട് അപകടാവസ്ഥയിലായതിനാല്‍ കൃഷ്ണന്‍കുട്ടിയും കുടുംബാംഗങ്ങളും ബന്ധുകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്

 • വാഴക്കുളം: ആവോലി പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തുകൂടിയുള്ള പഴയ പിഎം റോഡില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തി പൊതുമരാമത്തു വകുപ്പ്. കഴിഞ്ഞ ദിവസം റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പൊതുമരാമത്ത് വകുപ്പ് അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയെത്തുടര്‍ന്നാണ് ബുധനാഴ്ചമെറ്റല്‍ കോണ്‍ക്രീറ്റ് ചെയ്ത് റോഡില്‍ കൂടുതല്‍ കുഴികളുള്ള ഭാഗം അടിയന്തരമായി അടച്ചത്.

 • മൂവാറ്റുപുഴ: മാതാവിനെ മര്‍ധിച്ചെന്ന പരാതിയില്‍ മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലറെ പോലീസ് അറസ്റ്റ് ചെയ്തു. മാതാവിന്റെ പരാതിയില്‍ മൂവാറ്റുപുഴ നഗരസഭയുടെ വയോജന സംരക്ഷണ കേന്ദ്രം നടത്തിപ്പുകാരനായിരുന്ന ബിനീഷ് കുമാറിനെയാണ് ചൊവ്വാഴ്ച മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.  അറസ്റ്റ്ചെയ്ത ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

 • മൂവാറ്റുപുഴ: നഗരസഭയില്‍ വ്യാഴാഴ്ച നടന്ന ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. 24-ാം വാര്‍ഡ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അമല്‍ ബാബു ഏപ്രില്‍ 20ന് രാജിവെച്ച സ്ഥാനത്തെയ്ക്ക്  നഗരസഭ കാര്യാലയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിന്നാണ് യുഡിഎഫിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും വിട്ടുനിന്നത്. മറ്റ് കൗണ്‍സിലര്‍മാര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാത്തതിനാല്‍ വരണാധികാരി അമല്‍ ബാബുവിനെ തന്നെ വീണ്ടും ആരോഗ്യകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചു.

 • മൂവാറ്റുപുഴ : വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കരുതെന്ന് മൂവാറ്റുപുഴ എംഎല്‍എയോട് ആര്‍ഡിഒ.യോഗം മാറ്റിവയ്ക്കരുതെന്നും താന്‍ മാറി നില്‍ക്കാമെന്നും എംഎല്‍എ മറുപടി നല്‍കി. തുടര്‍ന്ന് എംഎല്‍എയുടെ അഭാവത്തിലാണ് മൂവാറ്റുപുഴ മണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച യോഗം നടന്നത്.

 • മൂവാറ്റുപുഴ: മഴയെ തുടര്‍ന്ന് റോഡിന്റെ കലുങ്ക് ഇടിഞ്ഞു. ഇരുമലപ്പടി – പുതുപ്പാടി റോഡില്‍ മുളവൂര്‍ വായനശാല പടിക്ക് സമീപമാണ് കലുങ്ക് ഇടിഞ്ഞ് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പെയ്ത മഴയിലാണ് കലുങ്ക് തകര്‍ന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ സ്‌കൂള്‍ ബസുകളും നിരവധി സ്വകാര്യ ബസുകളം സര്‍വ്വീസ് നടത്തുന്നതും, നൂറ് കണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്ന തിരക്കേറിയ റോഡില്‍ കലുങ്ക് ഇടിഞ്ഞ് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ കാരണമാകും.

 • കാലവര്‍ഷമെത്തി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ നിറഞ്ഞൊഴുകി മൂവാറ്റുപുഴയാര്‍. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പുഴയോര നടപ്പാത വെള്ളത്തിനടിയിലായി. മലങ്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെയാണ് മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് ഇന്നലെ ഡാമിലെ നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ തൊടുപുഴയിലും, മലങ്കര ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതോടെ 5 ഷട്ടറുകള്‍ ഒന്നര മീറ്റര്‍ വീതം ഉയര്‍ത്തുകയായിരിന്നു.

 • മൂവാറ്റുപുഴ തൊടുപുഴ സംസ്ഥാനപാതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടെ മൂവാറ്റുപുഴ ലതാ ബസ്സ്റ്റാന്‍ഡിന് സമീപമാണ് അപകടം ഉണ്ടായത്. തൊടുപുഴയില്‍ നിന്ന് മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയും, ഇടിയേറ്റ കാര്‍ മുന്നോട്ട് നീങ്ങി മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകര്യ ബസില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡ്രൈവര്‍ കൊച്ചി നേവല്‍ ബേസ് ഉദ്യോഗസ്ഥനായ തൊടുപുഴ സ്വദേശി സൗപര്‍ണ്ണികയില്‍ സജീവ് കുമാര്‍ (58) പരിക്കേറ്റു.

Back to top button
error: Content is protected !!