പോയ വാരത്തിലെ മൂവാറ്റുപുഴയിലെ പ്രധാന വാര്‍ത്തകള്‍

 • മൂവാറ്റുപുഴ: നഗരസഭ പേട്ട റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കണമെന്ന് മൂവാറ്റുപുഴ നഗരസഭ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനസാന്ദ്രയേറിയ പ്രദേശമായ പേട്ടയില്‍ ഗതാഗത സൗകര്യങ്ങളില്ല. നഗരത്തിന്റേതായ വികസനം എത്തപ്പെടാത്ത പ്രദേശങ്ങളില്‍ ഒന്നാണിത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ പരിസരത്തു നിന്ന് ആരംഭിക്കുന്ന പേട്ട റോഡാണ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയം.

 • വാഴക്കുളം: കാവന പുളിക്കായത്തു കടവിലെ പാലത്തില്‍ നിന്ന് കോഴിഫാം ഉടമ പുഴയില്‍ വീണു മരിച്ചു. പോത്താനിക്കാട് മാവുടി പൂക്കുന്നേല്‍ പരേതനായ വര്‍ഗീസിന്റെ മകന്‍ മനോജ് (60) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.

 • മൂവാറ്റുപുഴ: ആയുഷ് ഗ്രാമം പദ്ധതി മൂവാറ്റുപുഴ ബ്ലോക്കിന്റെയും മാറാടി പഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ മാറാടി ബഡ്സ് സ്‌കൂളില്‍ ഭിന്നശേഷി സൗഹൃദ യോഗ പരിശീലനം ആരംഭിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഉദ്ഘാടനം ചെയ്തു.

 

 • മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെയും വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന മിയാവാക്കി വനത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.

 • മൂവാറ്റുപുഴ: എന്‍എസ്എസ് കരയോഗവും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ മൂവാറ്റുപുഴ ചാപ്റ്ററും സംയുക്തമായി മഴക്കാല രോഗബോധവല്‍ക്കരണ ക്ലാസും സൗജന്യ ജനറല്‍ ഹോമിയോപതിക് മെഡിക്കല്‍ ക്യാമ്പും, ഡെങ്കിപ്പനിക്ക് എതിരായി പ്രതിരോധ മരുന്ന് വിതരണവും നടത്തി. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി എല്‍ദോസ് ഉദ്ഘാടനം ചെയ്തു

 • മൂവാറ്റുപുഴ: എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ശമ്പളപരിഷ്‌കരണദിനത്തില്‍ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. പന്ത്രണ്ടാം ശമ്പളപരിഷ്‌കരണം ഉടന്‍ അനുവദിക്കുക, 6 ഗഡു ക്ഷാമബത്ത ക്ഷാമബദ്ധ കുടിശ്ശിക അനുവദിക്കുക, പതിനൊന്നാം ശമ്പളപരിഷ്‌കരണത്തിന്റെ കുടിശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പണമായി അനുവദിക്കുക,ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കി കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണാസമരവും നടത്തിയത്.

 • മൂവാറ്റുപുഴ: മേള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി യോഗം ചേര്‍ന്ന് ഔദ്യോഗിക ഭാരവാഹികളായി പി.എം. ഏലിയാസ് (പ്രസിഡന്റ്), പി.എ. സമീര്‍ (വൈസ് പ്രസിഡന്റ്), മോഹന്‍ദാസ് എസ്. (സെക്രട്ടറി), പ്രിജിത് ഒ. കുമാര്‍ (ജോയിന്റ് സെക്രട്ടറി), സുര്‍ജിത് എസ്തോസ് (ട്രഷറാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 • മൂവാറ്റുപുഴ : ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വില്‍പ്പനക്കും എതിരെ തോട്ടാഞ്ചേരി പ്രദേശത്തെ അമ്മമാരുടെ നിവേദനം. ആയവന പഞ്ചായത്തിലെ തോട്ടാഞ്ചേരിയിലെ 300 ഓളം അമ്മമാരാണ് തങ്ങള്‍ ഭീതിയിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന് കാണിച്ചു മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് നിവേദനം നല്‍കിയത്.

 

 • മൂവാറ്റുപുഴ : മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി ഓഫീസിന്റെ വൈദ്യുത കണക്ഷന്‍ കുടിശിക മൂലം കെഎസ്ഇബി വിച്ഛേദിച്ചു. എന്നാല്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഇടപെടലിനെത്തുടര്‍ന്ന് ഓഫീസില്‍ വൈകുന്നേരത്തോടെ വൈദ്യുത ബന്ധം പുനസ്ഥാപിച്ചു. കാവുംപടിയിലെ സൂപ്രണ്ടിംഗ് എന്‍ജിനീയരുടെ ഓഫീസിലേക്കുള്ള വൈദ്യുതിയാണ് തിങ്കളാഴ്ച രാവിലെ കെഎസ്ഇബി വിച്ഛേദിച്ചത്.

 • മൂവാറ്റുപുഴ: മര്‍ച്ചന്‍സ് അസോസിയേഷന്റെ 2024 -26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. അജ്മല്‍ ചക്കുങ്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഗോപകുമാര്‍ കലൂര്‍,ട്രഷററായി കെ.എം ഷംസുദ്ദീന്‍,വൈസ് പ്രസിഡന്റുമാരായി അബ്ദുല്‍സലാം പി.വി.എം,മഹേഷ് എച്ച് കമ്മത്ത് എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ബോബി എസ് നെല്ലിക്കല്‍,പി.യു ഷംസുദ്ദീന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു

 • മൂവാറ്റുപുഴ: തൃക്കളത്തൂര്‍ കാവുംപടിയില്‍ ബിജെപിയുടെ പ്രചാരണ സാമഗ്രഹികള്‍ നശിപ്പിച്ചതില്‍ മൂവാറ്റുപുഴ പോലീസിന് പരാതി നല്‍കി. ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹന്‍ എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയത്

 • മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ ബാറില്‍ ശബരിലാല്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. ബാറില്‍ നടന്ന കൊലപാതകത്തില്‍ കൂടുതല്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്.

 • മൂവാറ്റുപുഴ: ബജറ്റില്‍ വകയിരുത്തിയ രണ്ട് റോഡുകള്‍ക്ക് ഭരണാനുമതിയായതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചു. വാഴക്കുളം – അരിക്കുഴ റോഡിന് 2.60 കോടിയും, മാറിക – കോഴിപള്ളി റോഡിന് 2.49 കോടിയുടെ ഭരണാനുമധിയുമാണ് ലഭിച്ചത്.

 • മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വലിയ ശുദ്ധ ജലസ്രോതസായ മൂവാറ്റുപുഴയാറിന്റെ തീരത്ത് കയ്യേറ്റങ്ങള്‍ വീണ്ടും വ്യാപകമാകുന്നു. പുഴയിലേക്ക് മണ്ണിട്ട ശേഷം മാസങ്ങള്‍ കഴിഞ്ഞ് ചുമരുകള്‍ കെട്ടിപ്പൊക്കുന്നത് പതിവായിരിക്കുകയാണ്. മൂവാറ്റുപുഴ പിഒ ജംഗ്ഷന്‍ പൊതു പാര്‍ക്കിനോട് ചേര്‍ന്നാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റം നടക്കുന്നത്.

 • മൂവാറ്റുപുഴ: ബിജെപി പായിപ്ര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ പായിപ്ര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു.

 • മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ എം.സി വിനയന്റെ ഭാര്യ അശ്വതി സോമന് ഭൂരഹിത ഭവന രഹിത പദ്ധതിയില്‍ ലഭിച്ച വീട് നിര്‍മ്മാണത്തിനെതിരെ ബിജെപി നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

 • മൂവാറ്റുപുഴ: നിര്‍മല കോളേജിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ്ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടയച്ചു. അറസ്റ്റിലായ സുബിന്‍, ഗോവര്‍ധന്‍, ടോണി, രോഹിത്, ഫവാസ്, മുഹമ്മദ് സ്വാലി എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ്ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്

Back to top button
error: Content is protected !!