കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് പി.വി.ശ്രീനിജൻ എം.എൽ.എ

സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി

 

കോലഞ്ചേരി: കുന്നത്തുനാട് നിയമസഭാമണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പി.വി.ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി വടവുകോട് ബ്ലോക്ക് കേന്ദ്രമായി കേന്ദ്രീകൃത കോവിഡ് ഹെൽപ്പ്‌ലൈൻ സംവിധാനം ആരംഭിക്കും. മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സഹായത്തിനും പ്രാദേശിക സംവിധാനങ്ങളുടെ ഏകോപനത്തിനുമായാണ് മണ്ഡലം അടിസ്ഥാനത്തിൽ കോവിഡ് ഹെൽപ്പ് ലൈൻ ആരംഭിക്കുന്നത്.മണ്ഡലത്തിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരും ഉദ്യോഗസ്ഥന്മാരുമാണ് ഒൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തത്. ഹെൽപ്പ് ലൈന് കീഴിൽ രോഗികൾക്ക് വിവിധ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാരുമായി ഫോൺ വഴി സംസാരിക്കാൻ അവസരം ഒരുക്കും. അവശ്യ മരുന്നുകൾ വേണ്ടവർക്ക് മരുന്നുകളും മറ്റു സഹായങ്ങളും സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകും. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ജാഗ്രത സമിതികളും ആർ.ആർ.റ്റി.കളും പ്രവർത്തനം സജീവമാക്കും.സി.എഫ്.എൽ.റ്റി.സി.കളുടേയും ഡി.സി.സികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതോടൊപ്പം ഇവിടങ്ങളിൽ കൂടുതൽ ബെഡുകളും ഏർപ്പെടുത്തും. കൂടുതൽ ക്വാറണ്ടൈൻ കേന്ദ്രങ്ങൾ ആരംഭിക്കാനും ആവശ്യമെങ്കിൽ ഇതിനായി സ്വകാര്യ വ്യക്തികളുടെ സഹായം തേടാനും യോഗം തീരുമാനിച്ചു. കോലഞ്ചേരിയിലെ ഞാറ്റും കാല ഹിൽ ടോപ്പിൽ 100 ബെഡുകളോടെയുള്ള സി.എഫ്.എൽ.റ്റി.സി. ആരംഭിക്കും. യോഗത്തിന് ശേഷം പി വി.ശ്രീനിജിൻ എം എൽ.എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.ആർ.അശോകൻ, ബ്ലോക്കംഗം ജൂബിൾ ജോർജ്, എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടെയെത്തി പ്രവർത്തനം വിലയിരുത്തി.

 

Back to top button
error: Content is protected !!