കുന്നത്തുനാട് എംഎല്‍എ അവാര്‍ഡ് വിദ്യാര്‍ത്ഥികളെ അവഹേളിക്കുന്നത്: യൂത്ത് കോണ്‍ഗ്രസ്

കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്കുള്ള എംഎല്‍എ അവാര്‍ഡ് പ്രഹസനമാക്കിയതായി ആക്ഷേപം. സാധാരണ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമന്റോയില്‍ അവരുടെ പേരും ഫോട്ടോയും പതിപ്പിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ പേരോ, ഫോട്ടോയോ വയ്ക്കാതെ അവാര്‍ഡ് നല്‍കിയത് തികഞ്ഞ അനാദരവാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. അവാര്‍ഡ് വാങ്ങാനായി എത്തിയ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും നിരാശരായി മടങ്ങിപ്പോകുന്ന അവസ്ഥയാണുണ്ടായത്. കുറെയധികം നേതാക്കളെ സ്റ്റേജില്‍ അണി നിരത്തി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നുവെന്നും, വിദ്യാര്‍ത്ഥികളോട് കാണിച്ചത് തികഞ്ഞ അനാദരവാണെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയ്‌സല്‍ജബ്ബാര്‍ ആരോപിച്ചു. കമ്പനികള്‍ക്ക് പരസ്യം ചെയ്യുന്നതിനായാണ് അവാര്‍ഡ് വിതരണം നടത്തിയതെന്ന് തോന്നും വിധമാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. പ്രതികൂല കാലാവസ്ഥയിലും,സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അവഹേളിക്കുന്നതിന് തുല്യമായിരുന്നു ഇതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പഠിച്ച് ഉന്നത മാര്‍ക്ക് നേടി വന്ന കുട്ടികളെയും രക്ഷിതാക്കളെയും അവഹേളിച്ചതിനും,കുട്ടികള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സംഭാവന ചെയ്ത കമ്പനിയുടെ പരസ്യമാക്കി മാറ്റിയതിനും എംഎല്‍എ ശ്രീനിജന്‍ മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!