കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ പിഎച്ച്സികളുടെ നടപടികള്‍ വേഗതയില്‍ പൂര്‍ത്തീകരിക്കണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം  

 

 

മൂവാറ്റുപുഴ : കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ പിഎച്ച്സികളുടെ നടപടികള്‍ വേഗതയില്‍ പൂര്‍ത്തീകരിക്കണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഘട്ടം ഘട്ടമായി നിയോജക മണ്ഡലത്തിലെ 10 പിഎച്ച്സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം ആറുവരെ രോഗികള്‍ക്ക് സേവനം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യംവച്ചത്. ഇതിനായി ഡോക്ടര്‍മാരുടെയും ഇതര ജീവനക്കാരുടേയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും, അടിസ്ഥാന സൗകര്യവും, ലാബ്, ഫാര്‍മസി എന്നിവയുടെ ക്രമീകരണമുള്‍പ്പെടെ ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡള്‍ക്കനുസൃതമായി ആശുപത്രികളെ ഒരുക്കുന്നതിനും തീരുമാനിച്ചിരുന്നു. പായിപ്ര, കടവൂര്‍, പോത്താനിക്കാട്, പാലക്കുഴ, വാളകം, ആവോലി പിഎച്ച്സികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും നടന്നു. മഞ്ഞള്ളൂര്‍, ആവോലി, കല്ലൂര്‍ക്കാട്, മാറാടി, ആയവന എന്നിവിടങ്ങളിലെ പിഎച്ച്സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന നടപടികളിലെ കാലതാമസം ഒഴിവാക്കണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലയളവില്‍ മഞ്ഞള്ളൂര്‍ പിഎച്ച്സിക്ക് എംഎല്‍എ ഫണ്ട് ഉള്‍പ്പെടെ 1.25 കോടി ചെലവില്‍ പുതിയ മന്ദിരം നിര്‍മ്മിച്ചിരുന്നു. മാറാടിയില്‍ 40 ലക്ഷം മുടക്കി പുതിയ മന്ദിരവും നിര്‍മ്മിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്ന് ഡോക്ടര്‍മാര്‍ വേണമെന്നിരിക്കെ ആവോലി (രണ്ട്), ആയവന (ഒന്ന്), മാറാടി (ഒന്ന്) എന്നിങ്ങനെ ഡോക്ടര്‍മാര്‍ മാത്രമേയുള്ളു. കോവിഡ് അതിവ്യാപന സാഹചര്യമായതിനാല്‍ രോഗികളുടെ എണ്ണവും കൂടുതലാണ്. ആവോലി, മഞ്ഞള്ളുര്‍ ആശുപത്രികളില്‍ ലാബ് സജ്ജമാക്കിയെങ്കിലും ടെക്നിഷ്യന്മാരെ നിയമിച്ചിട്ടില്ല. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ കല്ലൂര്‍ക്കാട് പിഎച്ച്സിയില്‍ നിര്‍മ്മാണങ്ങള്‍ നടക്കുന്നതേയുള്ളു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതത് പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും സേവനത്തിനും 2022-23 സാമ്പത്തിക വര്‍ഷം കൂടുതല്‍ തുക മാറ്റിവയ്ക്കാന്‍ തയ്യാറാകണമെന്നും എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. മൂവാറ്റുപുഴയില്‍ ഇപ്പോള്‍ 3000 ആളുകള്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. കോവിഡ് കേസുകള്‍ പ്രതിദിനം വര്‍ദ്ധിച്ച സാഹചര്യം കൂടി കണക്കാക്കി നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കേണ്ടതിന്‍റെ ആവശ്യകത ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത് ജോണിനെ അറിയിച്ചു. ആശുപത്രികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്നും എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!