കെ.എസ്.ആര്‍.ടി.സിയുടെ കോതമംഗലം – ഗവി യാത്രയ്ക്ക് തുടക്കം

കോതമംഗലം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ഗവിയിലേക്കുള്ള  വിനോദയാത്രയ്ക്ക് തുടക്കമായി. ആദ്യ യാത്ര ആന്റണി ജോണ്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പുലര്‍ച്ചെ നാലിന് കോതമംഗലം ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ – പാല- പൊന്‍കുന്നം – മണിമല – റാന്നി വഴി പത്തനംതിട്ടയില്‍ എത്തിച്ചേര്‍ന്ന് അവിടെ നിന്നും ഗവിയിലേക്ക് യാത്ര തുടരും. മൂഴിയാര്‍ – ആങ്ങാംമുഴി – കക്കി ഡാം- കൊച്ചുപമ്പ- ഗവി – സത്രം – വള്ളക്കടവ് – വഴി വണ്ടിപ്പെരിയാറില്‍ എത്തി പരുന്തുംപാറ കൂടി സന്ദര്‍ശിച്ച് അതേ റൂട്ടില്‍ തന്നെയാണ് മടക്കം. രാത്രി 9.30 ന് കോതമംഗലത്ത് തിരിച്ചെത്തും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എന്‍ട്രി ഫീസും , ഉച്ച ഭക്ഷണവും ഉള്‍പ്പെടെ 2000 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്.

ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അസിസ്റ്റന്റ് ട്രാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.ജി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍ട്രോളിങ്ങ് ഇന്‍സ്‌പെക്ടര്‍ അനസ് ഇബ്രാഹിം, ടൂര്‍ കോ- ഓഡിനേറ്റര്‍ എന്‍.ആര്‍. രാജീവ്, കെ.പി. സാജു, പി.എ. നജ്മുദ്ദീന്‍, എന്‍. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗവി യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിങ്ങിനുള്ള നമ്പര്‍ 94479 84511, 94465 25773.

 

Back to top button
error: Content is protected !!