നഗരസഭയിലെ കിടപ്പ് രോഗികള്‍ക്കുളള കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും.

 

മൂവാറ്റുപുഴ : നഗരസഭയിലെ കിടപ്പ് രോഗികള്‍ക്കുളള കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും. പാലിയേറ്റീവ് കെയറിന്‍റെ ശുശ്രൂഷ ലഭിച്ച് വരുന്ന വയോധികരെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി കുത്തിവയ്പ് നടത്തുന്നതെന്ന് നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ ജനറല്‍ ആശുപത്രിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓരോ വാര്‍ഡില്‍ നിന്നും യാത്ര ചെയ്യാന്‍ കഴിയുന്ന രണ്ട് പാലിയേറ്റീവ് രോഗികളെ വീതം കൗണ്‍സിലറുടെ നേതൃത്വത്തില്‍ എത്തിക്കും. കൊണ്ടു വരുന്നവര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ആധാര്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, അല്ലെങ്കില്‍ മൊബൈല്‍ റഫ്രന്‍സ് ഐഡി എന്നിവ കൊണ്ടുവരണം. 12 മുതല്‍ ഒന്നു വരെ വാര്‍ഡ് ഒന്നു മുതല്‍ ഏഴു വരെയും, ഒന്നു മുതല്‍ രണ്ടു വരെ എട്ട് മുതല്‍ 14 വാര്‍ഡ് വരെയും, രണ്ട് മുതല്‍ മൂന്ന് വരെ 15 മുതല്‍ 21 വാര്‍ഡുവരെയും. മൂന്ന് മുതല്‍ നാല് വരെ 22 മുതല്‍ 28 വാര്‍ഡുവരെയും എന്നിങ്ങനെയാണ് കുത്തിവയ്പിന് സമയം നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് സ്ലോട്ട് ലഭിച്ചിട്ടുള്ള മറ്റുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലായിരിക്കും നടത്തുകയെന്നും നഗരസഭാധ്യക്ഷന്‍ അറിയിച്ചു.

Back to top button
error: Content is protected !!