കോവിഡും മഴയും: മുന്നൊരുക്കങ്ങൾ ഉറപ്പാക്കി ജില്ലാ ഭരണകൂടം

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ മെയ് 14, 15 തീയതികളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് കൂടി എത്തിയതോടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണ് ജില്ലാ ഭരണകൂടം. ജില്ലാ കളക്ടർ എസ്. സുഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഴയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഓരോ താലൂക്കുകളിലെയും സ്ഥിതിഗതികൾ വിലയിരുത്തി സമയോചിതമായ ഇടപെടലുകൾ നടത്താൻ ഡെപ്യൂട്ടി കളക്ടർമാർക്ക് നിർദേശം നൽകി. അതിശക്തമായ മഴയും തുടർന്ന് വെള്ളപ്പൊക്കവുമുണ്ടായാൽ ഏറ്റവുമധികം ബാധിക്കുന്നത് ചെല്ലാനം, കൊച്ചി കോർപ്പറേഷൻ, പറവൂർ, കോതമംഗലം, മുവാറ്റുപുഴ എന്നീ പ്രദേശങ്ങളെയാകും. ഈ ഓരോ പ്രദേശങ്ങളിലെയും ദുരന്ത നിവാരണത്തിനുള്ള മാർഗനിർദേശങ്ങൾ കളക്ടർ നൽകി.

മെയ് 15ന് 20 സെൻറിമീറ്റർ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ പ്രവചനം. കൊച്ചി നഗരത്തിൽ വെള്ളക്കെട്ടുണ്ടാകാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. 2019ലെ സാഹചര്യത്തിന് സമാനമായ സ്ഥിതി മുന്നിൽക്കണ്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറാനുള്ള സാധ്യത മുന്നിൽക്കണ്ട് കൂടുതൽ മോട്ടറുകൾ ഏറ്റെടുക്കും. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. കണയന്നൂർ താലൂക്ക് തഹസിൽദാർ ഈ സംബന്ധിച്ച മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തും. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാ ആശുപത്രികളിലും ഓക്സിജൻ ബഫർ സ്റ്റോക്ക് ഉറപ്പാക്കണം.

മത്സ്യ ബന്ധനത്തിന് പോയിട്ടുള്ള എല്ലാ ബോട്ടുകളും തിരിച്ചെത്താൻ നിർദേശിച്ചിട്ടുണ്ട്. തിരിച്ചെത്താത്ത ബോട്ടുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ ഫിഷറീസ് വകുപ്പിന് നിർദ്ദേശം നൽകി.

ചെല്ലാനം മേഖലയിൽ കടലാക്രമണ സാധ്യത കണക്കിലെടുത്ത് ക്യാംപുകൾ തുറക്കും. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. എല്ലാ കുടുംബങ്ങളിലും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും. ചെല്ലാനം പഞ്ചായത്തിലെ കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ശക്തമാക്കും. ബന്ധുവീടുകളിലേക്ക് പോകുന്നവർക്കായി യാത്രാ പാസുകൾ അനുവദിക്കും. കോവിഡ് പോസിറ്റീവായവരുടെ ലിസ്റ്റ് തയാറാക്കി ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഡൊമിസലി കെയർ സെൻ്ററുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പോലീസിൻ്റെ സേവനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.

പറവൂരിൽ ദുരിതാശ്വാസ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ വില്ലേജുകളിലും രണ്ട് ക്യാംപുകൾ വീതം തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

മുവാറ്റുപുഴ, കോതമംഗലം മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നടപടി തുടങ്ങി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ ടാങ്കറുകളുടെ ഗതാഗതം സുഗമമാക്കും. ആംബുലൻസുകളുടെ ഗതാഗതവും സുഗമമാക്കാൻ നടപടി സ്വീകരിക്കും. ഫയർഫോഴ്സിന് ആവശ്യമായ ഉപകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്‌.

അതാത് പ്രദേശത്തെ ജനപ്രതിനിധികളുടെ സഹകരണവും ഉറപ്പാക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Back to top button
error: Content is protected !!