കോതമംഗലം താലൂക്കിലെ മുഴുവന്‍ റേഷന്‍ കടകളിലും സൗജന്യ റേഷന്‍ വിതരണം നാളെ മുതൽ ആരംഭിക്കും

കോതമംഗലം : താലൂക്കിലെ മുഴുവന്‍ റേഷന്‍ കടകളിലും സൗജന്യ റേഷന്‍ വിതരണം നടത്താനുള്ള ഉത്പ്പന്നങ്ങള്‍ എത്തിച്ചതായും നാളെ മുതല്‍ കാര്‍ഡുടമകള്‍ക്ക് തങ്ങളുടെ വിഹിതം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കൈപ്പറ്റാവുന്നതാണെന്നും ആന്‍റണി ജോണ്‍ എംഎല്‍എ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കടകളില്‍ തിരക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി നിലവില്‍ രാവിലെ ഒമ്പത്~മുതല്‍ ഉച്ചക്ക് ഒന്ന് വരെ മുന്‍ഗണന അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കും ഉച്ചക്ക് ശേഷം മുന്‍ഗണന ഇതര വിഭാഗത്തില്‍ വെള്ള, നീല കാര്‍ഡുകള്‍ ഉള്ളവര്‍ക്കും റേഷന്‍ വാങ്ങാന്‍ ആണ്  സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും ഇതില്‍ മാറ്റം വന്നേക്കാമെന്നും റേഷന്‍ കാര്‍ഡ് ഇല്ലാത്തവരെയും റേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു. അന്ത്യോദയ അന്നയോജന (മഞ്ഞ) കാര്‍ഡുകള്‍ക്ക് 30 കിലോഗ്രാം അരിയും അഞ്ച് കിലോ ഗോതമ്പും മുന്‍കാലത്തെ പോലെ സൗജന്യമായിത്തന്നെ നല്‍കും. മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്ക് ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മറ്റ് കാര്‍ഡുകള്‍ക്ക് (വെള്ള, നീല) ഓരോ കാര്‍ഡിനും 15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും. ഇത്തരം കാര്‍ഡുകളില്‍ അംഗങ്ങളുടെ എണ്ണം പരിഗണിക്കുന്നതല്ല. ആട്ട, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ ഇനങ്ങള്‍ നിലവിലുള്ള രീതിയില്‍ തന്നെ വിതരണം തുടരും. ഏപ്രില്‍ 20 ന് തന്നെ വിതരണം പൂര്‍ത്തിയാക്കാനും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം നടത്താനുള്ള നടപടികള്‍ ആരംഭിക്കും. റേഷന്‍ വിഹിതം സംഭരിക്കുന്നതിന് വലിയ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എഫ്സിഐ, അരിമില്ലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് സമയബന്ധിതമായി അവ ശേഖരിക്കുന്നതിനും സംഭരണ ശേഷം വാതില്‍പടി വിതരണത്തിനും പദ്ധതി തയാറാക്കിയാണ് മുന്നോട്ട് പോകുന്നത്. കൂടാതെ കമ്മ്യൂണിറ്റി കിച്ചന്‍ നടത്താനുള്ള ധാന്യങ്ങള്‍ പെര്‍മിറ്റ് മുഖേന വിതരണത്തിനും നടപടികള്‍ ആയിട്ടുണ്ട്. കൂടാതെ ഭക്ഷ്യ കിറ്റ് വിതരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. താലൂക്കില്‍ 3842 അന്ത്യോദയ കാര്‍ഡുകളും, 22750 മുന്‍ഗണന കാര്‍ഡുകളും, 18190 മുന്‍ഗണന ഇതരം (നീല), 20910 മുന്‍ഗണന ഇതരം (വെള്ള) കാര്‍ഡുകള്‍ അടക്കം 65692 കാര്‍ഡുകളാണുള്ളത്. ഇതില്‍ 138 അന്ത്യോദയ കാര്‍ഡുകള്‍ ആദിവാസി  ഊരുകളില്‍ പെട്ടവരുടെ ആണ്. അവര്‍ക്ക് ഊരുകളില്‍ റേഷന്‍ എത്തിച്ചു കൊടുക്കും. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Back to top button
error: Content is protected !!