സ്വകാര്യ ബസ് സർവീസുകൾ ആരംഭിക്കാൻ വേണ്ടത് വൻ തുക;കോതമംഗലത്ത് പ്രതിസന്ധിയിലായി ഉടമകളും ജീവനക്കാരും അനുബന്ധ സ്ഥാപനങ്ങളും

 

കോതമംഗലം: ലോക്ക്  ഡൗണിനു ശേഷവും സ്വകാര്യ ബസുകൾ സർവീസ് തുടങ്ങണമെങ്കിൽ ചെലവാക്കേണ്ടി വരിക വൻ തുക. ബസുകളുടെ സർവീസ് നിലച്ചതോടെ ബസ് ഉടമകളും ജീവനക്കാരും അനുബന്ധ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. ഒരു മാസത്തോളമായി കട്ടപ്പുറത്തായ ബസ്സുകൾ മഴയും വെയിലുമേറ്റ് തുരുമ്പെടുത്തു തുടങ്ങി. അനങ്ങാതെകിടന്ന് ടയറുകൾക്ക് പൊട്ടലുണ്ടായിട്ടുണ്ട്. ബാറ്ററികൾ ഉപയോഗ ശൂന്യമാവുകയും ചെയ്തു. ബാറ്ററിക്കുതന്നെ 25000-30000 രൂപ ചെലവ് വരും. ടയറിനും സ്പെയർപാർട്സിനും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി നല്ലൊരു തുകതന്നെ ചെലവാകുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് ജോജി ഇടാട്ടേൽ പറഞ്ഞു. ടയർ, വർക്ക്ഷോപ്പ് തുടങ്ങിയ അനുബന്ധ മേഖലകൾക്ക് പ്രവർത്തിക്കണമെങ്കിലും ബസുകൾ ഓടിത്തുടങ്ങണം.ഒരു ബസിന് ഒരു ലക്ഷം രൂപയെങ്കിലും മുടക്കിയാലേ സർവീസ് പുനരാരംഭിക്കാൻ സാധിക്കൂ എന്നാണ് ബസ് ഉടമകളുടെ കണക്കുകൂട്ടൽ. കേരളത്തിൽ സർവീസ് നടത്തുന്ന 50 ശതമാനത്തിലേറെ ബസുകളും പുതിയവയാണ്. ബാങ്കിൽനിന്ന് ലക്ഷങ്ങൾ വായ്പയെടുത്തതിന്റെ പ്രതിമാസ തവണകളും മുടങ്ങിത്തുടങ്ങി.ഇപ്പോഴത്തെ അവസ്ഥയിൽ ബസുകൾ നിരത്തിലിറങ്ങാൻ മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നാണ് ഉടമകൾ കണക്കുകൂട്ടുന്നത്.
പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. കുടുംബം പുലർത്താൻ ഒരു വഴിയുമില്ലാത്ത അവസ്ഥയിലാണ് പലരും. ലോക്ക്ഡൗൺ കഴിഞ്ഞാലും എത്രപേർക്ക് പണിയുണ്ടാകും എന്ന് പറയാനാകാത്ത അവസ്ഥയുമാണ്.
ലോക്ക്ഡൗൺ പിൻവലിച്ചാലും ബസ് സർവീസുകൾ ഉപാധികളോടെ മാത്രമേ അനുവദിക്കൂ. ഇങ്ങനെ ഓടിയാൽ ഇന്ധനച്ചെലവുപോലും കിട്ടില്ലെന്ന ആശങ്കയും ഉടമകൾ പങ്കുവയ്ക്കുന്നു. ബസ് വ്യവസായത്തേയും തൊഴിൽമേഖലയേയും പിടിച്ചുനിർത്താൻ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് പി.ബി.ഒ.എ. ചൂണ്ടിക്കാട്ടുന്നു. ഉടമകൾക്ക് സർവീസ് പുനരാരംഭിക്കാൻ പലിശരഹിത വായ്പ നൽകണമെന്നും ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!