കോതമംഗലം പള്ളിയില്‍ കന്നി 20 പെരുന്നാള്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉന്നതതല ഉദ്യോഗസ്ഥ യോഗം ചേര്‍ന്നു

കോതമംഗം : ആഗോള സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യല്‍ ദോ മാര്‍ ബസേലിയോസ് ബാവായുടെ 337 ആമത് ഓര്‍മ്മപ്പെരുന്നാളിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുവാനായി വിവിധ വകുപ്പുകളുടെ ഉന്നതതല ഉദ്യോഗസ്ഥ യോഗം ചേര്‍ന്നു. കോതമംഗലം എം.എല്‍ എ .ആന്റണി ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കന്നി 20 പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് തീരുമാനങ്ങളെടുത്തു. കേരള സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഉത്സവമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന കോതമംഗലം പള്ളിയും പരിസര പ്രദേശങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും പെരുന്നാള്‍ ചടങ്ങുകള്‍ നടക്കുന്നത്.
കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 4 വരെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. സെപ്തംബര്‍ 25 നു മുമ്പായി വിവിധ റോഡുകളുടെ അറ്റകുറ്റ പണികള്‍ തീര്‍ക്കുന്നതിന് ദേശീയ പാത വിഭാഗത്തിനും പൊതുമരാമത്ത് വകുപ്പിനും ഗ്രാമ പഞ്ചായത്തുകള്‍ക്കും , മുനിസിപ്പാലിറ്റികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. പള്ളിയും പരിസരങ്ങളും ലഹരി വിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വഴി വിളക്കുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുവാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന പാലനത്തിന് ആവശ്യമായ പോലീസ് സേനയെ വിന്യസിക്കുവാനും തീരുമാനിച്ചു. പള്ളിയും പരിസരവും പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഭിക്ഷാടനം നിരോധിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷനുമായി ചേര്‍ന്ന് നടപ്പാക്കുവാന്‍ തീരുമാനിച്ചു. ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുവാനായി മാര്‍ ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ട് ക്രമീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഫയര്‍ഫോഴ്‌സ് യൂണിറ്റും ആംബുലന്‍സ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
യോഗത്തില്‍ കോതമംഗലം തഹസീല്‍ദാര്‍ റെയ്ച്ചല്‍ കെ. വര്‍ഗീസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു , വി.സി. ചാക്കോ , കോതമംഗലം മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സിന്ധു ഗണേശ്, എ.ജി.ജോര്‍ജ്ജ്, കെ.എ. നൗഷാദ്, ഭാനുമതി രാജു , കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ , താലൂക്ക് ആശുപത്രി സൂപ്രണ്ട് , ചെറിയ പള്ളി വികാരി ട്രസ്റ്റിമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!