പൂതൃക്ക ഗവണ്മെന്റ് സ്‌കൂള്‍ ആഗോള അലുംനിസമ്മേളനം ജനുവരി 29ന്

കോലഞ്ചേരി :ഒരു നൂറ്റാണ്ടിന്റെ പൈതൃകമുള്ള പൂതൃക്ക ഗവണ്മെന്റ് സ്‌കൂള്‍ ആഗോള അലുംനി സമ്മേളനം ജനുവരി 29 ന് നടക്കും .1912 ല്‍ ആരംഭിച്ച സ്‌കൂളില്‍ പതിനയ്യായിരത്തില്‍ പരം അംഗങ്ങള്‍ പൂര്‍വ്വ വിദ്യാര്‍ഥികളായി ഉണ്ട്. കേരള ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, പ്രൊഫ. ഡോ. എം. പി. മത്തായി, സി എന്‍ മോഹനന്‍, റിയ ജോയ്, ജയകുമാര്‍ ചെങ്ങാമനാട് തുടങ്ങിയ പ്രഗത്ഭര്‍ പൂതൃക്ക സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ആപ്‌സ് (അലുംനി അസോസിയേഷന്‍ പൂതൃക്ക സ്‌കൂള്‍ ) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലെ ചാപ്റ്റര്‍ പ്രതിനിധികള്‍ പങ്കെടുക്കും. സ്മരണിക പ്രകാശനം, ആപ്‌സ് വെബ്‌സൈറ്റ് ലോഞ്ച്, സ്‌കോളര്‍ഷിപ് പ്രഖ്യാപനം,മെമ്പര്‍ഷിപ് വിതരണം, ബിസിനസ് മീറ്റ്, കലാ സന്ധ്യ, സ്‌നേഹ വിരുന്ന് എന്നിവ നടക്കും.
മീറ്റിന്റെ ഭാഗമായി ആപ്സും കോലഞ്ചേരി സ്‌കൈ ഹൈ എഡ്യൂക്കേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന റസ്റ്റിക് ട്രെയ്ല്‍സ് ഓള്‍ കേരള വില്ലജ് സൈക്ലിംഗ് ടൂര്‍ ജനുവരി 29 രാവിലെ 7ന് നടക്കും. ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ വിനോദ സഞ്ചാര മേഖലകളായ പാലാക്കാമറ്റം പുഞ്ച , രാമമംഗലം അമ്പലം , ഷട്കാല ഗോവിന്ദ മാരാര്‍ സ്മാരകം , ശൂലം വെള്ളച്ചാട്ടം , കൊച്ചരീക്കല്‍ ഗുഹ , അരീക്കല്‍ വെള്ളച്ചാട്ടം , കിഴുമുറി മണല്‍ക്കടവ് , പിറവം പാഴൂര്‍ മന തുടങ്ങിയ പത്തോളം പ്രദേശങ്ങളെ കോര്‍ത്തിണക്കികൊണ്ടുള്ള 50 കിലോമീറ്റര്‍ പ്രദേശമാണ് യാത്രികര്‍ സന്ദര്‍ശിക്കുന്നത് . എസ് എം ആര്‍ ഐ കൊച്ചിയുടെ സഹകരണത്തോടെ സൈക്ലിംഗ് ഗെയിംസും ഉള്‍പ്പെടുത്തിയിട്ടുണ്ട് . വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിപാടിയോട് സഹകരിക്കും . നഗരത്തിന്റെ തിരക്കില്‍ നിന്ന് മാറി ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുക ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ആശയങ്ങളില്‍ ഊന്നിയാണ് സൈക്ലിംഗ് സംഘടിപ്പിക്കുന്നത് എന്ന് സംഘാടകരായ ഡോ . പോള്‍ വി മാത്യു സിനോള്‍ വി സാജു എന്നിവര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ നൂറുപേര്‍ക്കാണ് പങ്കെടുക്കുവാന്‍ സാധിക്കുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്ക് 9747550530,9745482028

 

Back to top button
error: Content is protected !!