റണ്ണിങ് കോൺട്രാക്ട്: എറണാകുളം ജില്ലയിലെ റോഡുകളുടെ പരിശോധന ആരംഭിച്ചു

എറണാകുളം: പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് നിര്‍മ്മാണം, അറ്റകുറ്റപ്പണി എന്നിവയുടെ എറണാകുളം ജില്ലയിലെ പരിശോധന ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്. രണ്ടു സംഘങ്ങളായാണ് ജില്ലയിലെ പരിശോധന. മേൽനോട്ടച്ചുമതലക്ക് അനുസരിച്ച് ആർ.സി ഒന്ന്, ആർ.സി രണ്ട് എന്നിങ്ങനെ തിരിച്ചാണ് പരിശോധന നടത്തുന്നത്. ആർ.സി രണ്ട് വിഭാഗത്തിൽ പറവൂർ, ഞാറക്കൽ, ആലുവ ഡിവിഷനുകളിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ കേരള ചീഫ് എൻജിനീയർ ടി.എസ് സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. ഞാറക്കൽ ക്ലസ്റ്ററിൽ 10 റോഡുകൾ, പറവൂരിൽ രണ്ടു ക്ലസ്റ്ററുകളിലായി 30 റോഡുകൾ, ആലുവ ക്ലസ്റ്ററിലെ 14 റോഡുകൾ എന്നിവയാണ് പരിശോധിച്ചത്. 150 കിലോമീറ്ററിൽ ആകെ 54 റോഡുകൾ സംഘം ചൊവാഴ്ച്ച പരിശോധിച്ചു.

റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ സി.എം സ്വപ്ന, ക്വാളിറ്റി കൺട്രോൾ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജി വർഗീസ്, നോർത്ത് പറവൂർ റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.ജി അജിത്കുമാർ, ഞാറക്കൽ റോഡ്സ് ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ ബിന്ദു എന്നിവർ അടങ്ങിയ സംഘമാണ് ഈ മേഖലയിൽ പരിശോധന നടത്തിയത്.

പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ടി.എസ് സുജാ റാണിയുടെ നേതൃത്വത്തിലാണ് എറണാകുളം സബ് ഡിവിഷന്റെ കീഴിലുള്ള ആർ.സി. ഒന്ന് റോഡുകളുടെ പരിശോധനകൾ നടത്തിയത്. ഓരോ നിർമ്മാണത്തിന്റെയും മെഷർമെൻറ് ബുക്കും രേഖകളും അടിസ്ഥാനമാക്കിയായിരുന്നു നടപടികൾ. അറ്റകുറ്റപ്പണി പൂർത്തിയായ റോഡുകൾക്ക് പുറമേ നിർമാണം പുരോഗമിക്കുന്ന റോഡുകളുടെ പുരോഗതിയും വിലയിരുത്തി.മുളന്തുരുത്തി സെക്ഷന് കീഴിലെ ആരക്കുന്നം – ഒലിയപ്പുറം റോഡിൽ നടത്തിയ അറ്റകുറ്റപ്പണികൾ പരിശോധിച്ചായിരുന്നു തുടക്കം.

മുളന്തുരുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം, മട്ടാഞ്ചേരി സെക്ഷനുകൾക്ക് കീഴിലെ 21 റോഡുകളായിരുന്നു സംഘം സന്ദർശിച്ചത്. എറണാകുളം സെക്ഷന് കീഴിൽ ഒൻപത് റോഡുകളും മുളന്തുരുത്തി സെക്ഷനിൽ ആറും മട്ടാഞ്ചേരിയിൽ നാലും തൃപ്പൂണിത്തുറയിൽ രണ്ടും റോഡുകളുമാണ് പരിശോധിച്ചത്. ബുധനാഴ്ചയും പരിശോ തുടരും.റോഡ് മെയിന്റനൻസ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജ്ഞാനശ്രീ പി. പിള്ള, ക്വാളിറ്റി വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സജീല, അസിസ്റ്റന്റ് എൻജിനീയർമാരായ ബിനി, സുമിൻ, ബെന്നി എന്നിവരായിരുന്നു ആർ.സി. ഒന്ന് സംഘത്തിലുണ്ടായിരുന്നത്.

മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പരിശോധനകൾ നടക്കുന്നത്. പി.ഡബ്ല്യു.ഡി റോഡുകൾ നിശ്ചിത കാലത്തേക്ക് അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുന്നതിനായി നൽകുന്ന കരാറുകളാണ് റണ്ണിംഗ് കോൺട്രാക്ട്. ഇക്കാലയളവിലുണ്ടാകുന്ന കേടുപാടുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് ചട്ടം. എറണാകുളം ജില്ലയിൽ 2649 കിലോമീറ്റർ റോഡിൽ 6824.65 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത് . സെപ്തംബർ 30നുള്ളിൽ പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Back to top button
error: Content is protected !!