കൊച്ചി മെട്രോ രണ്ടാംഘട്ട പൈലിംഗ്‌ തുടങ്ങി, 11.2 കിലോമീറ്റർ പാതയിലുണ്ടാവുക 10 സ്‌റ്റേഷനുകൾ

കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം അതിവേഗം മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പി രാജീവ്. സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി കവാടങ്ങളുടെ നിര്‍മാണ ജോലികള്‍ നേരത്തേ ആരംഭിച്ചിരുന്നു. 11.2 കിലോമീറ്റര്‍ ആകാശപാതയുടെയും 10 സ്റ്റേഷനുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കരാര്‍ നേടിയിരിക്കുന്നത് അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 600 ദിവസമാണ് നല്‍കിയിരിക്കുന്നത്.

കലൂര്‍ സ്റ്റേഡിയം സ്റ്റേഷനാണ് ‘പിങ്ക് പാത’ എന്നു പേരുള്ള കാക്കനാട് പാതയുടെ ആദ്യ സ്റ്റേഷന്‍. പാലാരിവട്ടം ജംഗ്ഷന്‍, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍, കാക്കനാട് ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവയാണ് മറ്റ് സ്റ്റേഷനുകള്‍. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള നിര്‍മ്മാണത്തിന്റെ പൈലിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ നിര്‍മ്മാണത്തിന്റെ പ്രധാന ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്. 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഇന്‍ഫോപാര്‍ക്ക് പാതയ്ക്ക് 2022ലാണ് കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി കിട്ടിയതെന്ന് മന്ത്രി രാജീവ് പറഞ്ഞു.

പദ്ധതിക്കുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതോടെ വിദേശ വായ്പാ ഏജന്‍സി പിന്മാറിയതിനാല്‍ നിര്‍മാണം വീണ്ടും വൈകിയെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് 1141.32 കോടിയുടെ കരാറാണ്.

 

Back to top button
error: Content is protected !!