കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി: മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സംഗമവും ജനകീയ ചിത്രരചനയും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്‍ഡ്‌ റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സംഗമവും നിരവധി കലാകാരന്‍മാര്‍ പങ്കെടുത്ത ജനകീയ ചിത്രരചനയും സംഘടിപ്പിച്ചു. കിഴക്കേക്കര കാട്ടുകണ്ടം കവലയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസംഗമം പുരോഗമന കലാസാഹിത്യസംഘം മൂവാറ്റുപുഴ ഏരിയാ പ്രസിഡന്റ് സി.എന്‍ കുഞ്ഞുമോളും, ജനകീയ ചിത്രരചന ലളിതകലാ അക്കാദമി സംസ്ഥാന അവാര്‍ഡ് ജേതാവ് ബിജി ഭാസ്‌കറും ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ മനോഹര്‍ നാരായണന്‍, ഐസക് നെല്ലാട്, റെജി രാമന്‍ വാളകം, അശോകന്‍ പൂണൂക്കുടിയില്‍, കെ. യു. പ്രസാദ്, തിലക് രാജ് മൂവാറ്റുപുഴ, ചിത്രകലാവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ജനകീയ ചിത്രരചനക്ക് നേതൃത്വം നല്‍കി. ലൈബ്രറിക്ക് സമീപം കാട്ടുകണ്ടം കവലയില്‍ വലിച്ചുകെട്ടിയ തുണിയിലാണ് ചിത്രരചന നടന്നത്. രണ്ടുദിവസത്തെ പ്രദര്‍ശനത്തിനുശേഷം ഇത് ഇന്ത്യന്‍ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലൈബ്രറി പ്രസിഡന്റ് മിനിമോള്‍ രാജീവ് അധ്യക്ഷത വഹിച്ചു. പുരോഗ കലാസാഹിത്യ സംഘം ഏരിയ ട്രഷറര്‍ എന്‍.വി. പീറ്റര്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ കവിത ചൊല്ലി. ലൈബ്രറി സെക്രട്ടറി മോഹനന്‍ മാടവന കൃതജ്ഞത രേഖപ്പെടുത്തി. വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു വാന്തുപറമ്പില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!