സ്‌കൂളുകളില്‍ കൃഷിയുടെ ബാലപാഠങ്ങളുമായി കിസാന്‍ സഭ

മൂവാറ്റുപുഴ: പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ച കിസാന്‍ സഭ. കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചുള്ള അറിവ് കുട്ടികളില്‍ വളര്‍ത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങളെ കൃഷിയുമായി ചേര്‍ത്തുകൊണ്ട് കാര്‍ഷികവിളകള്‍, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളില്‍ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിസാന്‍ സഭ മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ സ്‌കൂളുകളിലെ കാര്‍ഷീക ക്ലബ്ബുകള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തത്. മുളവൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിലേക്കുള്ള പച്ചക്കറി വിത്തുകള്‍ കിസാന്‍ സഭ മണ്ഡലം സെക്രട്ടറി വിന്‍സന്‍ ഇല്ലിക്കല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.എച്ച് സുബൈദക്ക് കൈമാറി മൂവാറ്റുപുഴ മണ്ഡല തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് പോള്‍ പൂമറ്റം അധ്യക്ഷനായി. മണ്ഡലം കമ്മറ്റി അംഗം പി.വി ജോയി, കെ.എം ഫൈസല്‍, പി.ആര്‍ ജോഷി, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ജിഷ പ്രജു, പിടിഎ കമ്മറ്റി അംഗം പി.എ ഷമീര്‍, അധ്യാപകരായ കെ. എം തസ്നി, ടി.തസ്‌കീന്‍, കെ.എസ് അനുമോള്‍, ഖദീജ കുഞ്ഞുമുഹമ്മദ്, എം.പി സുമോള്‍, ഉമ്മുകുല്‍സു എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ കൃഷി ചെയ്യാന്‍ ആവശ്യമായ ഇഞ്ചി, മഞ്ഞള്‍, വെണ്ട , ചീര, പയര്‍, പടവലം, വെള്ളരി, പാവല്‍, വഴുതന, മുളക്, വിത്തുകളാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു സംരംഭത്തിന് കിസാന്‍ സഭ മണ്ഡലം കമ്മറ്റി തുടക്കം കുറിച്ചിരിക്കുന്നത്. അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിനും കാര്‍ഷികമേഖലയുടെ പ്രാധാന്യം പുതു തലമുറയെ ബോധ്യപ്പെടുത്തി, മണ്ണറിഞ്ഞ് വളരാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് കിസാന്‍ സഭ മണ്ഡലം സെക്രട്ടറി വിന്‍സന്‍ ഇല്ലിക്കല്‍ പറഞ്ഞു.

 

Back to top button
error: Content is protected !!