ഖത്തറിലെ കലാശ പോരാട്ടം ഇന്ന്; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ

ഖത്തര്‍: ലോകത്തെ ത്രസിപ്പിച്ച ഖത്തറിൽ അവസാന ചോദ്യത്തിന് ഇന്ന് ഉത്തരം. ഫൈനലിൽ അർജന്‍റീന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും. രാത്രി 8.30 നാണ് ലയണൽ മെസി കിലിയൻ എംബാപ്പെ പോരാട്ടം. ഒട്ടേറെ അട്ടിമറികൾ കണ്ട ചാമ്പ്യൻഷിപ്പിലെ അന്തിമ വിധിപറയാൻ ഇരു ടീമുകളും ഒരുങ്ങിക്കഴിഞ്ഞു. സെമിയിൽ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അർജന്റീന ഫൈനലിലെത്തിയതെങ്കിൽ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാൻസ് എത്തുന്നത്. 2018-ലെ റഷ്യൻ ലോകകപ്പിൽ ജേതാക്കളായ ഫ്രാൻസിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അർജന്റീന അവസാനമായി ജേതാക്കളായത്. 2014-ൽ അവർ ഫൈനലിലെത്തിയിരുന്നു. ഇരു ടീമുകളും നേരത്തേ രണ്ടുതവണ വീതം കിരീടം നേടി.

36 വര്‍ഷത്തിനുശേഷം ഇത്തവണ കപ്പുയര്‍ത്താനാകുമെന്നാണ് അര്‍ജന്റീനയുടെ പ്രതിക്ഷ. ലോകഫുട്‌ബോള്‍ ഇതിഹാസം മറഡോണ 86ല്‍ നേടിയ കപ്പ് ഇത്തവണ മെസി രാജ്യത്തിന് സമര്‍പ്പിക്കുമെന്നാണ് ലോകത്തിലെ മുഴുവന്‍ അർജന്റീന ആരാധകരുടെയും സ്വപ്‌നം. അഞ്ചുഗോൾ വീതം നേടി ടോപ് സ്കോറർ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും തമ്മിൽ ഗോൾഡൻ ബൂട്ടിനായും മത്സരമുണ്ട്. ഞായറാഴ്ച വൈകിട്ട് കലാപരിപാടികളോടെ ഫൈനൽ ആഘോഷങ്ങൾക്ക് തുടക്കമാകും. ‘ഓർത്തിരിക്കാൻ ഒരു രാവ്’ എന്നു ഫിഫ പേരിട്ടിരിക്കുന്ന കലാശപരിപാടികളിൽ നോറ ഫത്തേഹി, ഡേവിഡോ, ആയിഷ, ബൽക്കീസ് തുടങ്ങിയ കലാകാരന്മാർ അണിനിരക്കും.88000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലുസെയ്ൽ സ്റ്റേഡിയം ഫൈനലിന് നിറഞ്ഞുകവിയും.

Back to top button
error: Content is protected !!