കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന്.

 

മൂവാറ്റുപുഴ: കേരള സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന്. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഇന്ന് വൈകുന്നേരം (ജനുവരി 14, വ്യാഴം) 4 മണിക്ക് താക്കോൽദാനം നിർവ്വഹിക്കും. കീഴ്മാട് പഞ്ചായത്തിലെ ശ്രീനാരായണഗിരി ദേശത്ത് മൂന്തപ്പള്ളി വീട്ടിൽ മുരുകേശൻ – ബിന്ദു ദമ്പതികൾക്കാണ് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വീട് നിർമ്മിച്ച് നൽകുന്നത്. കഴിഞ്ഞ പ്രളയകാലത്ത് തകർന്നു പോയ വീട് ഇരുന്ന ഭാഗത്താണ് സർക്കാർ പ്ലാൻ അനുസരിച്ച് രണ്ട് മുറികളും, ഹാളും അടുക്കളയുമുൾപ്പെടെയുള്ള വീട് നിർമ്മിച്ചത്. നിർമ്മാണ ഘട്ടത്തിൽ ആവശ്യമായ അധിക ജോലികളും സംഘം ഏറ്റെടുത്തു. നിർമ്മാണം പൂർത്തിയായ വീട്ടിൽ ഇരുമുറികളിലും ഓരോ ഡബിൾ കട്ടിലും ബെഡും,
4 കസേരകൾ ഉൾപ്പെടെയുള്ള ഡയിനിംഗ് ടേബിൾ, ഗ്യാസ് സ്റ്റൗവ്, നാല് ആം ചെയറുകൾ, വീട്ടിൽ ആവശ്യമുള്ള മുഴുവൻ പാത്രങ്ങളും ഉൾപ്പെടെയാണ്‌ ഇന്ന് കൈമാറുന്നത്. കൂടാതെ വിദ്യാർത്ഥികളായ കുട്ടികളുടെ പഠന-വിനോദ ആവശ്യത്തിനായി ഒരു എൽ.ഇ.ഡി. ടി.വി. യും കൈമാറും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് മനോജ് എബ്രഹാം ഐ.പി.എസ്. അധ്യക്ഷത വഹിക്കും. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന ജി. ജയ്ദേവ് ഐ.പി.എസ്. മുഖ്യ പ്രഭാഷണം നടത്തും. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, എറണാകുളം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) സജീവ്‌ കർത്ത, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ
സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രേംജി കെ. നായർ, കീഴ്മാട് പഞ്ചായത്ത് മെമ്പർ
കെ.കെ. നാസി, കീഴ്മാട് പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് കെ.എ. രമേശ്‌, കീഴ്മാട് പഞ്ചായത്ത്‌ മുൻ അംഗം ബീന ബാബു
എന്നിവർ ആശംസകൾ അർപ്പിക്കും. കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റ് സി.ആർ. ബിജു സ്വാഗതവും, സംഘം സെക്രട്ടറിയും
സഹകരണ അസി. രജിസ്‌ട്രാറുമായ കെ.സി. വിജയകുമാർ നന്ദിയും രേഖപ്പെടുത്തും.

Back to top button
error: Content is protected !!