നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുന്നത്തുനാട്ടിൽ സുരക്ഷയൊരുക്കാൻ കേന്ദ്രസേന എത്തി.

 

മൂവാറ്റുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുന്നത്ത്നാട്ടിൽ സുരക്ഷയൊരുക്കാൻ കേന്ദ്രസേന എത്തി. 90 പേരടങ്ങുന്ന ബറ്റാലിയൻ കമാൻഡന്റിന്റെ നേതൃത്വത്തിലാണ് കിഴക്കമ്പലത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായ പ്രശ്നങ്ങൾ മുന്നിൽകണ്ടാണ് കേന്ദ്രസേനയെ രംഗത്തിറക്കിയിരിക്കുന്നത്. കിഴക്കമ്പലം പോലീസിന് കീഴിലായിരിക്കും ഇവരുടെ പ്രവർത്തനം. എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. എന്നീ പാർട്ടികൾക്ക് പുറമേ ട്വന്റി20 കടുത്ത മത്സരം കാഴ്ചവെക്കുന്ന മണ്ഡലമാണ് കുന്നത്തുനാട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിനുശേഷം നിയമസഭയിലും വിജയം ആവർത്തിക്കാനാണ് ട്വന്റി20യുടെ ശ്രമം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം മണ്ഡലത്തിലെ കുമ്മനോട്ടിൽ വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ അകാരണമായി ഒരു സംഘം മർദ്ദിച്ചിരുന്നു. പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയും സംഘം ദമ്പതികളെ മർദ്ദിക്കുകയും ചെയ്യുന്ന വീഡിയോ വൈറൽ ആയിരുന്നു. മുൻനിര പാർട്ടികളും ട്വന്റി 20 സംഘടനയും തമ്മിലുള്ള അടിപിടി കേസുകൾ തെരഞ്ഞെടുപ്പ് സമയങ്ങളിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇലക്ഷൻ തീയതി പ്രഖ്യാപിക്കുന്നതിന് മുന്നേ കേന്ദ്രസേന എത്തിയിരിക്കുന്നത്. വോട്ടർമാർക്ക് സമ്പൂർണ്ണ സുരക്ഷ ഒരുക്കണമെന്ന്
ആവശ്യപ്പെട്ട് ട്വന്റി20 കോടതിയെ സമീപിച്ചിരുന്നു.
കിഴക്കമ്പലം സെന്റ് ജോസഫ് സ്കൂളിലാണ് കേന്ദ്രസേന താൽക്കാലിക ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.

Back to top button
error: Content is protected !!