കേരളത്തിന്റെ സ്വന്തം നേന്ത്രപ്പഴം ഇനി യുറോപ്പിലും… “നേന്ത്രപ്പഴവും യുറോപ്പിലേയ്ക്ക്” പദ്ധതിയുടെ ആദ്യ ലോഡ് നേന്ത്രപ്പഴം ഇന്ന് യൂറോപ്പിലേയ്ക്ക് കയറ്റി അയക്കും.

 

മൂവാറ്റുപുഴ: കാര്‍ഷീക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സീ ഷിപ്പ്‌മെന്റ് പ്രോട്ടോകോള്‍ വികസിപ്പിച്ചെടുത്ത ‘നേന്ത്രപ്പഴം യൂറോപ്പിലേയ്ക്ക്’ എന്ന പദ്ധതിയുടെ ആദ്യലോഡ് വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി പാക്ക് ഹൗസില്‍ നിന്നും ഇന്നലെ പുറപ്പെട്ടു. ഒന്നാം ഘട്ടത്തില്‍ 10-ടണ്‍ നേന്ത്രപ്പഴമാണ് കയറ്റി അയക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് എന്‍.ആര്‍. സി.ബി.ട്രിച്ചിയുടെ സാങ്കേതിക സഹായത്തോടെ കയറ്റുമതി അധിഷ്ഠിത വാഴകൃഷിയില്‍ പ്രോട്ടോകോളും ആവശ്യമായ പരിശീലനങ്ങളും ലഭ്യമാക്കി വിളവെടുത്ത നേന്ത്രക്കുലകള്‍, വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി പാക്ക് ഹൗസില്‍ എത്തിച്ച് പായ്ക്ക് ഹൗസ് പരിചരണങ്ങള്‍, പ്ലാന്റ് ക്വാറെന്റൈന്‍ പരിശോധന എന്നിവയ്ക്ക് ശേഷമാണ് വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിയിലെ അപേഡ സര്‍ട്ടിഫൈഡ് പായ്ക്ക് ഹൗസില്‍ നിന്നും കൊച്ചി തുറമുഖത്ത് എത്തിച്ചത്. ഇന്ന് ആവശ്യമായ പോര്‍ട്ട് ക്ലിയറന്‍സ് നടപടികള്‍ക്ക് ശേഷം ലണ്ടന്‍ ഗേറ്റ് വേ തുറമുഖത്തേയ്ക്കാണ് കപ്പല്‍ മാര്‍ഗം കയറ്റി അയക്കുന്നത്. ഇവിടെ എത്തിയ ഉല്‍പ്പന്നം വിദേശരാജ്യത്ത് പഴുപ്പിച്ചെടുത്ത് ഹോള്‍സെയില്‍ വിപണനത്തിനും പ്രമുഖ റീട്ടേയില്‍ സ്റ്റോറുകളിലൂടെ തെക്ക് യു.കെ.പ്രദേശങ്ങളിലും സ്‌കോട്ട്‌ലാന്‍ഡിലുമുള്ള ഉപഭോക്താക്കള്‍ക്ക് വിഷുവിന് മുമ്പ് എത്തിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

 

കൃഷിക്കാര്‍ നിലം ഒരുക്കുന്നത് മുതലുള്ള എല്ലാ കാര്‍ഷീക പ്രവര്‍ത്തനങ്ങളും അതോടൊപ്പം പായ്ക്ക് ഹൗസ് പരിചരണങ്ങളും കൃത്യമായി രേഖപ്പെടുത്തി സുതാര്യമായ ട്രസിബിലിറ്റി, ക്യു.ആര്‍.കോഡിംഗ് സംവിധാനവും പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കൗണ്‍സിലിന് ഉല്‍പ്പന്നത്തെകുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായം ലഭ്യമാകുന്നതിനും അവസരമൊരുങ്ങും. നേന്ത്രക്കുലകള്‍ 80-മുതല്‍ 85-ശതമാനം മൂപ്പില്‍ വിളവെടുക്കുകയും ഇത് കൃഷിയിടത്തില്‍ വച്ച് തന്നെ പടലകളാക്കി മുറിവുകളോ പാടുകളോ ഇല്ലാതെയാണ് പായ്ക്ക് ഹൗസില്‍ എത്തിക്കുന്നത്. ഇവിടെനിന്നും പ്രീ കൂളിംഗിനും ശുദ്ദീകരണ പക്രിയകള്‍ക്കും ശേഷം കേടുപാടുകളോ മറ്റുക്ഷതങ്ങളോ വരുത്താതെ ഈര്‍പ്പം മാറ്റി കര്‍ട്ടണ്‍ ബോക്‌സുകളിലാക്കി റീഫര്‍ കണ്ടെയ്‌നറുകളില്‍ ആവശ്യമായ താപനില, ഊഷ്മാവ് എന്നിവ ക്രമീകരിച്ച് ഏകദേശം 20-25 ദിവസംകൊണ്ട് ലണ്ടനില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി വിജയകരമായാല്‍ കേരളത്തിലെ നേന്ത്രപ്പഴം കുറഞ്ഞ ചിലവില്‍ വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നതിനും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുകയും ഗുണമേന്‍മയുള്ള ഉല്‍പ്പനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും അവസരമൊരുങ്ങും. പ്രതിവര്‍ഷം കേരളത്തില്‍ നിന്നും 2000-മെട്രിക് ടണ്‍ നേന്ത്രപ്പഴം കടല്‍ മാര്‍ഗ്ഗം വിദേശവിപണികളില്‍ എത്തിക്കുവാന്‍ സാധിക്കുകയും ഒപ്പം കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 20-ശതമാനം അധിക വിലയും ലഭ്യമാകും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഇനങ്ങള്‍ക്ക് വന്‍വിപണനസാധ്യതയാണുള്ളത്. വിമാന മാര്‍ഗമാണ് ഇന്ത്യയില്‍ നിന്നും പഴ വര്‍ഗങ്ങള്‍ അധികവും കയറ്റി അയക്കുന്നത്. എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉല്‍പ്പനങ്ങള്‍ കയറ്റുമതി ചെയ്യുവാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ കപ്പല്‍മാര്‍ഗം കയറ്റുമതി ചെയ്താല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ചെലവ് കുറച്ച് യൂറോപ്പിലേയ്ക്ക് എത്തിക്കുവാന്‍ സാധിക്കും. കോവിഡ് മൂലമുള്ള പ്രതിസന്ധി ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന സാഹചര്യത്തില്‍ ഇതര വിപണന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വി.എഫ്.പി.സി.കെ യൂറോപ്പിലേയ്ക്ക് നേന്ത്രപ്പഴം കയറ്റി അയക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

 

ചിത്രം-യുറോപ്പിലേയ്ക്ക് കയറ്റി അയക്കുന്നതിനുള്ള നേന്ത്രപ്പഴം വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിയിലെ അപേഡ സര്‍ട്ടിഫൈഡ് പായ്ക്ക് ഹൗസില്‍ തയ്യാറാക്കുന്നു.

 

Back to top button
error: Content is protected !!