കൈക്കൂലി നല്‍കാത്തതിനാല്‍ 12 വയസുകാരന് തൊടുപുഴയില്‍ ചികിത്സ നിഷേധിച്ചതായി പരാതി

തൊടുപുഴ: സൈക്കളില്‍ നിന്ന് വീണ് പരിക്കേറ്റ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിയ 12 വയസ്സുകാരന് കൈക്കൂലി നല്‍കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതായി മാതാപിതാക്കളുടെ പരാതി. വണ്ണപ്പുറം കടവൂര്‍ പാണംപറമ്പില്‍ രാജേഷിന്റേയും റിന്‍സിയുടേയും മകന്‍ നിധി (12) ന് ചികിത്സ നിഷേധിച്ചതായാണ് പരാതി ഉയര്‍ന്നത്. പരിക്കേറ്റ കുട്ടിയുമായി ജില്ലാ ആശുപത്രിയില്‍ മണിക്കൂറുകള്‍ കാത്തു നിന്നിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെന്നും ഒടുവില്‍ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നുവെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. സൈക്കിളില്‍ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റ് രാവിലെ 11 മണിയോടെയാണ് നിധിനെ രക്ഷിതാക്കള്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നത്. ആ സമയം കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ കുട്ടിയുടെ തോളിന്റെ എക്‌സറേ എടുക്കാന്‍ ആവശ്യപ്പെട്ടു. എക്‌സ്-റേ ഫലവുമായി എത്തിയപ്പോള്‍ ഉച്ച കഴിഞ്ഞു. അപ്പോള്‍ മറ്റൊരു ഡോക്ടറാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. എക്‌സ്-റേ പരിശോധിച്ച ഡോക്ടര്‍ തോളെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ തുടര്‍ ചികിത്സ നല്‍കണമെങ്കില്‍ 5000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടതായാണ് രക്ഷിതാക്കള്‍ പറയുന്നത്. പണമില്ലെന്ന് അറിയിച്ചതോടെ ഡോക്ടര്‍ മോശമായി പെരുമാറിയതായും, കാഷ്വാലിറ്റിയില്‍ നിന്ന് ഇറക്കിവിട്ടതായും ഇവര്‍ ആരോപിച്ചു. ചികിത്സ ലഭിക്കുമെന്ന് കരുതി കുട്ടിയുമായി മണിക്കൂറുകളോളം ആശുപത്രി വരാന്തയില്‍ കാത്തുനിന്നു. കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ ഡോക്ടറോട് കയ്യില്‍ ഒരു ബാന്‍ഡേജ് എങ്കിലും ഇടാന്‍ അഭ്യര്‍ത്ഥിച്ചു. അതിനു പോലും ഡോക്ടര്‍ കൂട്ടാക്കിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിയാതെ കുട്ടിയുമായി മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ആരോപണ വിധേയനായ ഡോക്ടര്‍ പറഞ്ഞത്. ഇതേ ഡോക്ടര്‍ക്കെതിരെ കഴിഞ്ഞദിവസം ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ അടക്കം നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Back to top button
error: Content is protected !!