കാര്‍ഷിക മേള നാലിന് ആരംഭിക്കും ; സെമിനാറുകള്‍ മാത്രം.

 

തൊടുപുഴ : ഗാന്ധിജി സ്റ്റഡി സെന്റര്‍ നേതൃത്വത്തില്‍ കാര്‍ഷിക മേള 2021 ജനുവരി നാലു മുതല്‍ ഏഴു വരെ ന്യൂമാന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കേരളം ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം എന്നതാണ് മേളയുടെ മുഖ്യ പ്രമേയം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.
നാലിന് രാവിലെ പത്തിന് സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണവും, ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണവും നടത്തും. കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.വി. പീറ്റര്‍, മോന്‍സ് ജോസഫ് എം.എല്‍.എ., കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ നടക്കുന്ന സെമിനാറില്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം.പി., ഡോ. സി. കുഞ്ഞിക്കണ്ണന്‍ (ഡയറക്ടര്‍, ഐഎഫ്ജിറ്റിബി കോയമ്പത്തൂര്‍), ഡോ. മാത്യു ഡാന്‍ (സീനിയര്‍ സയന്റിസ്റ്റ്, റ്റിബിജിആര്‍ഐ. പാലോട്), ഡോ. സ്റ്റീഫന്‍ ചേരിയില്‍ (ഡയറക്ടര്‍, സിഎംആര്‍എ വാഗമണ്‍), ഡോ. കെ.ബി. രമേശ് കുമാര്‍, ഡോ. സാബു ഡി മാത്യു, ഡോ, ജിജി കെ. ജോസഫ് എന്നിവര്‍ സംസാരിക്കും.
അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ കാഡ്‌സ് ഓഡിറ്റോറിയത്തില്‍ തെങ്ങും ഇടവിളകളും സെമിനാറിന്റെ ഉദ്ഘാടനം അഡീഷണല്‍ ചീഫ് സെക്രട്ടറി റ്റി. കെ. ജോസ് ഐഎഎസ് നിര്‍വ്വഹിക്കും. എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിക്കും. സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ അനിത കരുണ്‍, ഡോ. റെജി ജേക്കബ് തോമസ് (സിപിസിആര്‍ഐ), ഡോ. പി.ഡി. പുഷ്പലത (പ്രൊഫസര്‍ & ഹെഡ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം), ഡോ. സി.ജി.സുജ (സിറ്റിസിആര്‍ഐ) എന്നിവര്‍ പങ്കെടുക്കും.
ആറിന് രാവിലെ 10.30 മുതല്‍ ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സംഗമം – അധികാര വികേന്ദ്രീകരണവും കാര്‍ഷിക വികസനത്തില്‍ ജനപ്രതിനിധികള്‍ക്കുള്ള പങ്കും സെമിനാറിന്റെ ഉദ്ഘാടനം റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് ഐഎഎസ് നിര്‍വ്വഹിക്കും. സാമ്പത്തിക വിദഗ്ദ്ധ ഡോ. മേരി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ മുഖ്യാതിഥി ആയിരിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സിനിമാതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും. പി.ജെ.ജോസഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.
ഏഴിന് കോലാനി – വെങ്ങല്ലൂര്‍ ബൈപാസിനു സമീപം രാവിലെ 8.30 മുതല്‍ കാലിപ്രദര്‍ശനവും മത്സരവും നടക്കും. വനം – മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു സമ്മാന വിതരണം നടത്തും. ഇന്ത്യയിലെ നാടന്‍ (ഗീര്‍, സഹിവാള്‍, സിന്ധി, ടാര്‍പാര്‍ക്കര്‍) പശുക്കളില്‍ ഒന്നാം സ്ഥാനം നേടുന്ന പശുവിന് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കും. ജേഴ്‌സി, എച്ച് എഫ്, സുനന്ദിനി പശുക്കളില്‍ ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവയ്ക്ക് ഇരുപതിനായിരം രൂപയുടെയും പതിനായിരം രൂപയുടെയും അവാര്‍ഡുകളും സമ്മാനിക്കും. എരുമ, കിടാരി, ആട് വിഭാഗങ്ങളിലും മത്സരം ഉണ്ട്.

Back to top button
error: Content is protected !!