കല്ലൂര്‍ക്കാട് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ തെരുവുനായ ആക്രമണം

കല്ലൂര്‍ക്കാട്: അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. കല്ലൂര്‍ക്കാട് കാട്ടാംകോട്ടില്‍ ജോമോന്‍ ജേക്കബിന്റെയും – റോസമ്മയുടെയും മകള്‍ അല്‍ഫോന്‍സ (10) യ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ 6.30 ഓടെ വീട്ടില്‍ നിന്ന് പള്ളിയിലേയ്ക്ക് പോകുംവഴിയാണ് കുട്ടിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കൂട്ടമായെത്തിയ തെരുവുനായക്കളില്‍ ഒന്ന് കുട്ടിയുടെ ദേഹത്തേയ്ക്ക് ചാടിക്കയറുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് നായ്ക്കളെ ഓടിച്ചതിനാല്‍ നിസ്സാര പരിക്കുകളോടെ കുട്ടി രക്ഷപെട്ടു. ആക്രമണത്തില്‍ കുട്ടിയുടെ കൈയ്യില്‍ പോറലേറ്റിട്ടുണ്ട്. ഉടന്‍തന്നെ ദേഹാസ്വസ്ഥ്യമുണ്ടായ കുട്ടിയെ കല്ലൂര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുത്തിവെയ്പ്പ് എടുക്കുന്നതിനുള്ള മരുന്ന് ലഭ്യമല്ലാതിരുന്നതിനാല്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാരുന്നു. തുടര്‍ ചികിത്സ നല്‍കി കുട്ടിയെ വിട്ടയച്ചു. കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആണ് അല്‍ഫോന്‍സ. പ്രദേശത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണെന്ന് വാര്‍ഡ് മെമ്പര്‍ ബാബു മനയ്ക്കപ്പറമ്പന്‍ പറഞ്ഞു. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി വരുന്ന സാഹര്യത്തിലും പ്രദേശത്തെ ആശുപത്രിയില്‍ വാക്‌സിന്‍ ലഭ്യമല്ല എന്നും പരാതി ഉയരുന്നുണ്ട്.

Back to top button
error: Content is protected !!