കല്ലൂർക്കാട് ജനകീയ സമര നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു.

 

കല്ലൂർക്കാട്:മണിയന്തടത്ത് ടാർ മിക്സിംഗ് യൂണിറ്റ് ആരംഭിക്കുന്നതിന്
ഉപകരണകളുമായി എത്തിയ വാഹനങ്ങൾ ഇന്നലെയും നാട്ടുകാർ തടഞ്ഞു.കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നിയമ ലംഘനത്തിൻ്റെ പേരിൽ ജനകീയ സമര നേതാക്കളെ പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

ഇതോടെ ടാർ മിക്സിങ് യൂണിറ്റ് ആരംഭിക്കുന്നതിനെതിരെ യുളള പൊതുജന സമരം ശക്തമായി.ടാർ മിക്സിംഗ് പ്ലാൻറ് ആരംഭിക്കുന്നതിനായി രണ്ടു മാസം മുമ്പ് ഇവിടേക്കെത്തിച്ച ഉപകരണങ്ങൾ വാഹനങ്ങളടക്കം പ്രദേശവാസികൾ തടഞ്ഞിരുന്നു.അന്നത്തെ എതിർപ്പിനെ തുടർന്ന് സ്ഥലത്തു പ്രവേശിപ്പിക്കാതെ വാഹനങ്ങൾ തിരിച്ചയച്ചിരുന്നു.പ്ലാൻറ് ആരംഭിക്കുന്നതിന് ആവശ്യമായ രേഖകളെല്ലാം അനുവദിച്ചു കിട്ടിയതായി കാണിച്ച് അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്ലാൻറ് ഉടമകൾ പഞ്ചായത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും ലോക്ഡൗണിനിടയിലും അടിയന്തര കമ്മറ്റി ചേർന്ന് അപേക്ഷ നിരസിക്കുകയായിരുന്നു.

എന്നാൽ നിർദ്ദിഷ്ട സ്ഥലത്തേക്ക് യന്ത്രോപകരണങ്ങൾ നീക്കാൻ കോടതിയനുവാദ പ്രകാരം ഇന്നലെ രാവിലെ എത്തിയ വാഹനമാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കല്ലൂർക്കാട് ടൗണിൽ തടഞ്ഞത്. കല്ലൂർക്കാട് സിഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സർവകക്ഷി യോഗം വിളിച്ചു ചേർത്ത് കോടതിയനുവാദം സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു.

എങ്കിലും ജനവാസ മേഖലയിൽ പ്ലാൻറ് ആരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ജനപ്രതിനിധികളുൾപ്പെടെയുള്ള പ്രദേശവാസികൾ. ഇതോടെ വാഹനങ്ങൾ തടഞ്ഞതിൻ്റെ പേരിൽ
ജനപ്രതിനിധികൾ ഉൾപ്പെടെ 32 പേർ അറസ്റ്റിലായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി, പഞ്ചായത്തംഗം എം.വി ബിനു, ടി. പ്രസാദ്, ജോളി ചെരുവിൽ, കെ.എസ് സാബു, സമരസമിതി നേതാക്കളായ ജോളി നെടുങ്കല്ലേൽ, എ.പി.രതീഷ്, എ.കെ.ജിബി, സി.പ്രശാന്ത് തുടങ്ങിയവരുൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുമ്പോൾ നിയമവിരുദ്ധമായി സംഘംചേർന്ന് വാഹനം തടഞ്ഞതിനും പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരവും ഇവർക്കെതിരെ കല്ലൂർക്കാട് പോലീസ് കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Back to top button
error: Content is protected !!