കാലടി പാലത്തിൽ 13 മുതൽ 18-ാം തീയതിവരെ ഗതാഗത നിരോധനം

എറണാകുളം: കാലടി പാലത്തിൽ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് ഈ മാസം 13 മുതൽ 18-ാം തീയതിവരെ കാൽനട യാത്ര ഉൾപ്പെടെ ഗതാഗതം പൂർണമായി നിരോധിക്കും. 19-ാം തീയതി മുതൽ 21-ാം തീയതി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ഗതാഗത നിരോധന കാലയളവിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കുള്ള യാത്രാ മാർഗങ്ങൾ. അങ്കമാലി ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആലുവയിലെത്തി അവിടെ നിന്നും ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ പെരുമ്പാവൂരിലെത്തി യാത്ര തുടരാവുന്നതാണ്. അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൂർ ജംഗ്ഷനിലോ കാലടി ജംഗ്ഷനിലോ ഇടത്തോട്ട് തിരിഞ്ഞു കാലടി മലയാറ്റൂർ റോഡിലൂടെ സഞ്ചരിച്ചു മലയാറ്റൂർ കോടനാട് പാലം, കോടനാട് വല്ലം റോഡ് വഴി വല്ലം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പെരുമ്പാവൂർ ഭാഗത്തേക്ക് യാത്ര തുടരാവുന്നതാണ്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ട് തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ ആലുവയിൽ എത്തി അങ്കമാലി വഴി യാത്ര തുടരാവുന്നതാണ്. മൂവാറ്റുപുഴ ഭാഗത്തുനിന്നും എയർപോർട്ടിലേക്ക് വരേണ്ട വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ടു തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് മഹിളാലയം – തുരുത്ത് പാലം കടന്ന് വലത്തോട്ട് കാലടി ആലുവ റോഡ് , ചൊവ്വര -നെടുവന്നൂർ – ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്. എയർപോർട്ടിൽ നിന്നും തിരികെ പോകേണ്ട വാഹനങ്ങൾക്കും ഈ റൂട്ടിലൂടെ സഞ്ചരിക്കാവുന്നതാണ്.

എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് തിരുവൈരാണിക്കുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി കാലടി ആലുവ റോഡ് ചൊവ്വര -നെടുവന്നൂർ – ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്.

Back to top button
error: Content is protected !!