കാലടി സമാന്തര പാലം; പദ്ധതി പ്രദേശത്തെ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കും

പെരുമ്പാവൂര്‍ : കാലടി സമാന്തര പാലം നിര്‍മ്മാണത്തിനായി പദ്ധതി പ്രദേശത്തിനോട് ചേര്‍ന്ന് കിടക്കുന്ന മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പാലത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട എംവി ജയപ്രകാശിന്റെ മിച്ചമുള്ള രണ്ടു സെന്റ് ഭൂമി കൂടി ഏറ്റെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സ്ഥലം ഏറ്റെടുത്ത ശേഷവും ബാക്കി വരുന്ന രണ്ട് സെന്റ് ഭൂമി ഭാവിയില്‍ ഉപയോഗ ശൂന്യമായി കിടക്കുമെന്നതിനാല്‍ അത് കൂടി ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. കൂടാതെ 45 ഡിഗ്രി ചെരിവില്‍ പുതിയ പാലത്തിനും ബൈപാസ് റോഡിനും ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തണമെന്ന് കാണിച്ചു ധനകാര്യ വകുപ്പ് മന്ത്രിക്ക് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കത്ത് നല്‍കി. സമാന്തരപാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പൈലിങ് ജോലികള്‍ ഇതിനിടെ ആരംഭിച്ചിട്ടുണ്ട്. കാലടി ഭാഗത്ത് നിന്നാണ് പൈലിങ് ആരംഭിക്കുന്നത്. കാലടി പുഴയുടെ മദ്ധ്യഭാഗം വരെയുള്ള സ്പാനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പൈലിങ് പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായതിന് ശേഷം മധ്യഭാഗത്ത് നിന്ന് താന്നിപ്പുഴ ഭാഗത്തേക്കുള്ള പൈലിങ് ജോലികള്‍ ആരംഭിക്കും. പുഴയുടെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടാതെയിരിക്കാനാണ് രണ്ട് ഘട്ടമായി പൈലിംഗ് നടത്തുന്നത്. പുഴയിലും ഇരുകരകളിലുമായി 19 സ്പാനുകളാണ് നിര്‍മ്മിക്കുന്നത്.

നിലവിലുള്ള പാലത്തില്‍ നിന്ന് 5 മീറ്റര്‍ മാറിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. 455.4 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപാത ഉള്‍പ്പെടെ ആകെ 14 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. പൈല്‍ ഫൗണ്ടേഷന്റെ മുകളില്‍ തൂണുകള്‍ നിര്‍മ്മിച്ചു പ്രസ്ട്രസ്ഡ് ബീമും ആര്‍സിസി ബീമും സ്ലാബുകളുമയിട്ടാണ് പാലം നിര്‍മ്മിക്കുന്നത്. പുതിയ പാലത്തിന്റെ നിര്‍മ്മാണത്തോടൊപ്പം തന്നെ അപ്രോച്ച് റോഡിനാവശ്യമായിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിനായി പെരുമ്പാവൂര്‍, കാലടി ഭാഗങ്ങളില്‍ 50 മീറ്റര്‍ നീളത്തില്‍ ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യും. ഇരു വശങ്ങളിലും ടൈല്‍ വിരിച്ചു അപ്രോച്ച് റോഡ് മനോഹരമാക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പുതിയ പാലം നിര്‍മ്മാണം എംസി റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിലെ എറ്റവും തിരക്കേറിയ പാതയാണ് എംസി റോഡ് എന്നതിനാല്‍ കാലടി സമാന്തര പാലം യാത്രികര്‍ക്ക് ഏറെ ഗുണകരമാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുളള യാത്രക്കാര്‍ക്കും പാലം പ്രയോജനം ചെയ്യും. മൂവാറ്റുപുഴ ആസ്ഥാനമായ അക്ഷയ ബില്‍ഡേഴ്‌സ് ആണ് കാലടി സമാന്തര പാലത്തിന്റെ കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. കാലടി പാലത്തിന്റെ താന്നിപ്പുഴ ഭാഗത്തു വീട് നഷ്ടപെടുന്ന വ്യക്തിയുടെ വീട് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ സന്നര്‍ശിച്ചു. ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി, മനോജ് തോട്ടപ്പിള്ളി, സോളി ബെന്നി, മിഥുന്‍ ടി എന്‍, ലിസി ജോണി, രാജേഷ് മാധവന്‍, അമൃത സജിന്‍, മിനി സാജന്‍, എന്‍ ഒ ഷൈജന്‍, ബ്ലോക്ക് മെമ്പര്‍ രാജേഷ്, ടി.ആര്‍ പൗലോസ് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!