അമൃത് സരോവറിന്റെ ഭാഗമായി നവീകരിച്ച കാക്കൂച്ചിറയുടെ ഉദ്ഘാടനം നടത്തി

മാറാടി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമൃത് സരോവറിന്റെ ഭാഗമായി, മാറാടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഏറ്റെടുത്ത് നവീകരിച്ച കാക്കൂചിറയുടെ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ചിറയുടെ സമീപം വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രദേശവാസികള്‍ കുളിക്കുന്നതിനും കുടിവെള്ളത്തിനുമായി ആശ്രയിക്കുന്നത് കാക്കൂച്ചിറയെയാണ്. നാലുവര്‍ഷം മുന്‍പ് 35 ലക്ഷം രൂപ മുടക്കി നവീകരിച്ചതിന് ശേഷം ഇപ്പോഴാണ് ചിറയുടെ നവീകരണം നടത്തുന്നത്. നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് രണ്ടാഴ്ച കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങല്‍ പൂര്‍ത്തീകരിച്ചത്. വാര്‍ഡ് മെമ്പര്‍ ജിബി മണ്ണത്തൂകാരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷിജി മനോജ് ആശംസകള്‍ അറിയിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അക്രഡിറ്റഡ് എന്‍ജിനീയര്‍ ബീമ നൗഷാദ്, തൊഴിലുറപ്പു തൊഴിലാളികള്‍, സമീപ വാസികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചിറയുടെ ചുറ്റും ടൈലുകള്‍ വിരിച്ച വാക്ക് വേ നിര്‍മ്മിക്കുക എന്നുള്ളത് എട്ടാം വാര്‍ഡിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. അങ്ങനെ ചെയ്താല്‍ ആ പ്രദേശത്തിന്റെ തന്നെ മുഖച്ഛായ മാറുമെന്നും അതിന് വേണ്ടി ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ഒ.പി ബേബി കൂട്ടിച്ചേര്‍ത്തു.

Back to top button
error: Content is protected !!