കക്കടാശ്ശേരി – കാളിയാര്‍ റോഡിലെ അറ്റകുറ്റപ്പണികള്‍ക്കായി 75 ലക്ഷം രൂപ അനുവദിച്ചു.

 

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ കക്കടാശ്ശേരി – കാളിയാര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും 75 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു. അഞ്ചല്‍പെട്ടി മുതല്‍ പുളിന്താനം വരെയുള്ള റോഡ് നവീകരണത്തിന് 25 ലക്ഷം രൂപയും, പുളിന്താനം മുതല്‍ പൈങ്ങോട്ടൂര്‍ വരെയുള്ള ഭാഗത്തിന്റെ നവീകരണത്തിന് 35 ലക്ഷം രൂപയും, ഞാറക്കാട് മുതല്‍ കൊല്ലന്‍പടി വരെയുള്ള ഭാഗത്തെ നവീകരണത്തിന് 15 ലക്ഷം രൂപയും അടക്കം 75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു. കഴിഞ്ഞ കാലവര്‍ഷത്തില്‍ റോഡിന്റെ പലഭാഗങ്ങളും തകര്‍ന്നിരുന്നു. പ്രദേശവാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയുടെ ഫലമായി എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് പൊതുമരാമത്തില്‍ നിന്നും ഫണ്ട് അനുവദിച്ചത്. നിയോജക മണ്ഡലത്തിലെ അതിപുരാതന റോഡുകളിലൊന്നായ കക്കടാശ്ശേരി-കാളിയാര്‍ റോഡിന്റെ നവീകരണത്തിന് റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 86.65 കോടി രൂപ അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡ് ഉന്നതലവാരത്തില്‍ ടാര്‍ ചെയ്ത് മനോഹരമാക്കുമെന്നും ഇതോടെ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

Back to top button
error: Content is protected !!